ഹത്രാസ്: ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിനുള്ള സുരക്ഷ യു.പി പൊലീസ് ശക്തമാക്കി. സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വലിയ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കുടുംബത്തിനുള്ള സുരക്ഷ കർശനമാക്കാൻ യു.പി പൊലീസിന് സർക്കാർ നിർദേശം നൽകിയത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ താമസിക്കുന്ന വീട് 24 മണിക്കൂറും പോലീസ് നിരീക്ഷണത്തിലാണ്. കുടുംബത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ലോക്കൽ പൊലീസ് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കൃത്യമായ നിരീക്ഷണത്തിനായി വീടിന് ചുറ്റും സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ ചുമതലയ്ക്കായി രണ്ട് വനിത എസ്ഐയെയും ആറ് വനിത കോൺസ്റ്റബിളിനെയും പെൺകുട്ടിയുടെ വീട്ടിൽ നിയോഗിച്ചിട്ടുണ്ടെന്ന് ഹത്രാസ് എസ്.പി വിനീത് ജയ്സ്വാൾ വ്യക്തമാക്കി. ഇരയുടെ സഹോദരന്‍റെ സുരക്ഷയ്ക്കായി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും വീടിന് പുറത്ത് സായുധ സുരക്ഷാ ഉദ്യോഗസ്ഥരും നിലയുറപ്പിച്ചുണ്ടെന്ന് എസ്.പി കൂട്ടിച്ചേർത്തു. അതേസമയം ഉത്തർപ്രദേശ് സർക്കാർ രണ്ട് അഡീഷണൽ ഡയറക്ടർ ജനറൽ (എ.ഡി.ജി), ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡി.ഐ.ജി) എന്നിവരെ ഹത്രാസ് ജില്ലയിലേക്കും അലിഗഡ് റേഞ്ചിലേക്കും ഏഴു ദിവസത്തേക്ക് അയച്ചിട്ടുണ്ട്.
ഹത്രാസ് ഇരയുടെ കുടുംബത്തിന് സുരക്ഷ ശക്തമാക്കി പൊലീസ്; ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ - പൊലീസ്
ഉത്തർപ്രദേശ് സർക്കാർ രണ്ട് അഡീഷണൽ ഡയറക്ടർ ജനറൽ (എ.ഡി.ജി), ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡി.ഐ.ജി) എന്നിവരെ ഹത്രാസ് ജില്ലയിലേക്കും അലിഗഡ് റേഞ്ചിലേക്കും ഏഴു ദിവസത്തേക്ക് അയച്ചിട്ടുണ്ട്
ഇതിന് പുറമേ ഗ്രാമത്തിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ 15 പൊലീസുകാർ, മൂന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എന്നിവരെ വിന്യസിച്ചിട്ടുണ്ട്. പ്രത്യേക പ്രവേശന രജിസ്റ്ററിൽ പേര് രേഖപ്പെടുത്തിയ ശേഷമാണ് കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തുന്നവരെ വീട്ടിലേക്ക് കടത്തിവിടുന്നുള്ളു. കർശന പരിശോധനയ്ക്ക് ശേഷം മാത്രമാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്നും എസ്.പി വ്യക്തമാക്കി. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ തങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ഹാത്രാസ് ഗ്രാമം വിട്ട് മറ്റെവിടെക്കെങ്കിലും താമസം മാറാൻ ആഗ്രഹിക്കുന്നതായും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. അറസ്റ്റിലായ പ്രതികളെ പിന്തുണയ്ക്കുന്നവരുടെ ഭീഷണി ഭയക്കുന്നതായും വരും ദിവസങ്ങൾ കൂടുതൽ വെല്ലുവിളി നിറഞ്ഞതാണെന്നും യുവതിയുടെ സഹോദരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന് യുപി പോലീസ് സുരക്ഷ ഒരുക്കിയത്. കേസിലെ പ്രതികളെ ന്യായീകരിച്ച് ഉയർന്ന ജാതിയിൽപ്പെട്ട ചിലർ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും നേരത്തെ സോഷ്യൽ മീഡികളിൽ പ്രചരിച്ചിരുന്നു.