ന്യൂഡല്‍ഹി: ഹത്രാസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അന്വേഷണം സുപ്രീംകോടതിയുടെ നിരീക്ഷണത്തിലായിരിക്കണമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം മാതാപിതാക്കളുടെ സമ്മതത്തോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതെന്ന വാദം സര്‍ക്കാര്‍ സുപ്രീംകോടതിയിലും ആവര്‍ത്തിച്ചു.
മൃതദേഹം സംസ്‌കരിച്ചത് മാതാപിതാക്കളുടെ സമ്മതത്തോടെ: യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ - യുപി സര്‍ക്കാര്‍ വാര്‍ത്തകള്‍
കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ പരാമര്‍ശം.
രാവിലെ സംസ്‌കരിച്ചാല്‍ ആള്‍ക്കൂട്ടമുണ്ടായി സംഘര്‍ഷമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മാതാപിതാക്കളുടെ സമ്മതത്തോടെ രാത്രിയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. മേഖലയില്‍ ജാതിസംഘര്‍ഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതുവരെ നടന്നത് കൃത്യമായ അന്വേഷണമാണെന്നും, എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം പല ഭാഗത്ത് നിന്നുമുണ്ടാകുന്നുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. പീഡനത്തിനിരയായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി സെപ്റ്റംബർ 29നാണ് സഫ്‌ദർജംഗ് ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ പ്രതികളായ നാലുപേരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.