കൊറോണ വൈറസ് ഭീതിയിൽ ശ്രാവസ്‌തിയിലെ ബുദ്ധക്ഷേത്രം അനിശ്ചിതകാലത്തേക്ക് അടച്ചു
ശ്രാവസ്‌തിയിൽ ഇതുവരെ കൊറോണ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും അപകടകരമായ ഈ വൈറസിന്‍റെ സാധ്യത കണക്കിലെടുത്ത് സ്ഥിതി നിയന്ത്രണവിധേയമാകുന്നത് വരെ ബുദ്ധക്ഷേത്രം അടച്ചിടാനാണ് തീരുമാനം.
ലക്‌നൗ: കൊറോണ വൈറസിന്‍റെ ഭീതിയിൽ ഉത്തര്‍പ്രദേശിലെ ശ്രാവസ്‌തിയിലുള്ള ഡെയ്ൻ മഹാമൊങ്‌കോൾ ബുദ്ധക്ഷേത്രം അടച്ചു. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും നിരവധി വിനോദസഞ്ചാരികൾ എത്താറുള്ള ക്ഷേത്രം ചൈനയിൽ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസിനെതിരെയുള്ള മുൻകരുതലായാണ് അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുന്നത്.
ചൈന, ജപ്പാൻ, തായ്‌ലാൻഡ്, ശ്രീലങ്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്ന് ധാരാളം വിദേശികൾ ഇവിടെ സന്ദർശനത്തിന് എത്താറുണ്ട്. ശ്രാവസ്‌തി ജില്ലയിൽ ഇതുവരെ കൊറോണ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ലെങ്കിലും അപകടകരമായ ഈ വൈറസിന്‍റെ സാധ്യത കണക്കിലെടുത്ത് ഇപ്പോഴത്തെ സ്ഥിതി മാറുന്നതുവരെ ബുദ്ധക്ഷേത്രം തുറക്കില്ലെന്നാണ് അറിയിപ്പ്.