ലക്‌നൗ:കനത്ത സുരക്ഷയില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഉത്തര്‍പ്രദേശ് മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യ, കമല്‍ റാണി വരുൺ എന്നിവർ സംസ്കാര ചടങ്ങുകൾക്ക് സാക്ഷിയായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു. വീട്ടിലെത്തിയ മന്ത്രിമാര്‍ കുടുംബത്തിന്‍റെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മൃതദേഹം സംസ്‌കരിക്കാന്‍ മാതാപിതാക്കള്‍ തയാറായത്.
ഉന്നാവോ പെണ്‍കുട്ടിക്ക് വിട പറഞ്ഞ് രാജ്യം - ഉന്നാവോ പെണ്‍കുട്ടി
കുടുംബത്തിന്‍റെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് മൃതദേഹം സംസ്‌കരിക്കാന്‍ മാതാപിതാക്കള്‍ തയാറായത്.
"കുറ്റവാളികളെ ശിക്ഷിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. പെണ്‍കുട്ടിയുടെ കുടംബത്തോടുള്ള ഐക്യദാര്‍ഢ്യം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്. കുറ്റവാളികളെ ശിക്ഷിക്കാൻ ഞങ്ങൾ എന്തും ചെയ്യും, അതിന്‍റെ ഭാഗമായാണ് അതിവേഗ കോടതി സ്ഥാപിച്ചത് "- മൗര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെണ്‍കുട്ടിയുടെ മരണം രാഷ്‌ട്രീയവല്‍ക്കരിക്കരുതെന്ന് മന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.
പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളാണ് പെണ്‍കുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് വച്ച് യുവതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കേസിന്‍റെ വാദത്തിനായി റായ്‌ബറേലിയിലെ കോടതിയിലേക്ക് ഇറങ്ങിയതായിരുന്നു യുവതി. ആക്രമിക്കപ്പെടുന്ന സമയത്ത് പെണ്‍കുട്ടി ഒറ്റക്കായിരുന്നു. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. ഡല്‍ഹിയിലെ സഫ്‌ദർജംങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്