ന്യൂഡല്‍ഹി:ഉന്നോവോ കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും. പരാതിക്കാരിയുടെ കുടുംബം ചീഫ് ജസ്റ്റിസിനയച്ച കത്തിന്‍റെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം 12നാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും വിഷയത്തില്‍ ഇടപെടണമെന്നും അഭ്യര്‍ഥിച്ച് പെണ്‍കുട്ടിയുടെ കുടുംബം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് കത്തയച്ചത്. എന്നാല്‍ കത്ത് സുപ്രീംകോടതി രജിസ്ട്രി ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ല. കത്ത് ലഭ്യമാക്കാന്‍ വൈകുന്നതിലെ കാരണം അറിയിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രജിസ്ട്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അതിനിടെ പരാതിക്കാരിയായ പെണ്‍കുട്ടിയും കുടുംബവും വാഹനാപകടത്തില്‍പ്പെട്ട സംഭവത്തില്‍ സിബിഐ കേസെടുത്തു. ഉത്തര്‍പ്രദേശ് എംഎല്‍എ കുൽദീപ് സിങ് സെൻഗര്‍ ഉള്‍പ്പടെ പത്തു പേര്‍ക്കെതിരെയാണ് കേസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു. ഈ കത്തിന്‍റെയടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് നിര്‍ദേശം നല്‍കുകായിരുന്നു.