ഉത്തര്‍പ്രദേശ്: ഉന്നാവോ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസെടുത്തു. കേസില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന പൊലീസ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് ആരോപണ വിധേയനായ എംഎല്‍എക്കെതിരെ നടപടി എടുത്തത്. എംഎല്‍എയുടെ സഹോദരന്‍ മനോജ് സിങ് സെനഗറിനെതിരേയും കേസെടുത്തിട്ടുണ്ട്.
ഉന്നാവോ അപകടം: ബിജെപി എംഎല്‍എ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ് - unnao rape
പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതി നല്‍കിയ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെനഗര്‍, സഹോദരന്‍ മനോജ് സിങ് സെനഗര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസെടുത്തത്.
റായ്ബറേലിയില്‍ വച്ച് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. പെണ്‍കുട്ടിയുടേയും കാര്‍ ഓടിച്ചിരുന്ന അഭിഭാഷകന്‍റേയും നില ഗുരുതരമായി തുടരുകയാണ്. അപകടമുണ്ടാക്കിയ ലോറിയുടെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷികൊണ്ട് മറച്ചിരുന്നത് സംഭവം ആസൂത്രിതമാണെന്ന് സൂചന നല്‍കിയിരുന്നു.
2017 ജൂണില്‍ കുല്‍ദീപ് സിങ് സെനഗര്‍ വീട്ടില്‍വച്ച് പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. എന്നാല്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. പ്രതിഷേധങ്ങള്‍ക്കിടെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു.