കേന്ദ്രമന്ത്രിമാരുടെ ജമ്മുകശ്‌മീർ സന്ദർശനം ഇന്ന് മുതൽ - B V R Subrahmanyam
സ്‌മൃതി ഇറാനി, പിയൂഷ് ഗോയൽ, വി മുരളീധരൻ തുടങ്ങിയവർ ജമ്മു മേഖലയിലെ വിവിധ ജില്ലകളിൽ ഇന്ന് എത്തും.
ശ്രീനഗർ: ബിജെപി കേന്ദ്രമന്ത്രി സംഘത്തിന്‍റെ ജമ്മു കശ്മമീർ സന്ദർശനം ഇന്ന് തുടങ്ങും. ജമ്മുകശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം ഇതാദ്യമായാണ് കേന്ദ്രമന്ത്രിമാരുടെ സന്ദർശനം. 38 കേന്ദ്രമന്ത്രിമാരാണ് ജനുവരി 19 മുതൽ 25 വരെ ജമ്മു കശ്‌മീരിലെ 60 സ്ഥലങ്ങൾ സന്ദർശിക്കുകയെന്ന് ചീഫ് സെക്രട്ടറി ബി വി ആർ സുബ്രമണ്യം ജമ്മുവിൽ നടന്ന അവലോകന യോഗത്തിന് ശേഷം പറഞ്ഞു. സ്‌മൃതി ഇറാനി, പിയൂഷ് ഗോയൽ, വി മുരളീധരൻ തുടങ്ങിയവർ ജമ്മു മേഖലയിലെ വിവിധ ജില്ലകളിൽ ഇന്ന് എത്തും. സ്‌മൃതി ഇറാനി റിയാസി ജില്ലയിലെ കത്ര, പന്തൽ പ്രദേശങ്ങളാണ് ഇന്ന് സന്ദർശിക്കുക. കത്തുവയിലെ ബിലാവറിലാകും വി മുരളീധരൻ ജനങ്ങളെ കാണുക. പിയൂഷ് ഗോയലിന്‍റെ ഇന്നത്തെ സന്ദർശനം ശ്രീനഗറിലാകും നടക്കുക. ജമ്മുകശ്‌മീരിലെ നിയന്ത്രണങ്ങൾ പുനപരിശോധിക്കാനുള്ള സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. കശ്‌മീര്‍ താഴ്വരയില്‍ ആശുപത്രി, ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്‍റര്‍നെറ്റ് സേവനം കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു.