ജയ്‌പൂര്‍: കോപ്പറേറ്റീവ് സൊസൈറ്റി അഴിമതി കേസില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെതിരെയുള്ള അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്‌ത് രാജസ്ഥാന്‍ ഹൈക്കോടതി. അഡീഷണല്‍ ഡിസ്ട്രിക്‌ട് കോടതിയാണ് കേന്ദ്രമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നത്. രാജസ്ഥാന്‍ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിനാണ് (എസ്‌ഒജി) അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
കേന്ദ്രമന്ത്രിക്കൊപ്പം ആരോപണവിധേയനായ കേവല്‍ ചന്ദ് ദഖാലിയയുടെയും പരാതി ഹൈക്കോടതി പരിഗണിച്ചു. ഇവര്‍ക്കെതിരെയുള്ള ആരോപണത്തില്‍ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ദഖാലിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പരാതി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയാണ് അന്വേഷണ ഉത്തരവ് സ്റ്റേ ചെയ്യാൻ നിര്‍ദേശം നല്‍കിയത്. സഞ്ജീവനി കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അഴിമതി കേസിലാണ് കഴിഞ്ഞ മാസം കീഴ്‌കോടതി എസ്ഒജി അന്വേഷണത്തിന് ഉത്തരവിട്ടത്.
നവപ്രഭ ബില്‍ഡ്‌ടെക് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഷെയര്‍ ഹോള്‍ഡറാണ് കേവല്‍ ചന്ദ് ദഖാലിയ. ഇദ്ദേഹത്തിന് ശെഖാവത്തുമായി ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നു. ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് 900 കോടി രൂപയുടെ അടുത്ത് നഷ്‌ടമുണ്ടാക്കിയ കേസില്‍ ശെഖാവത്തിന്‍റെയും ഭാര്യയുടെയും പങ്ക് ഉന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മുതലാണ് കേസില്‍ ജെയ്‌പൂര്‍ എസ്‌ഒജി അന്വേഷണം ആരംഭിച്ചത്. 2019 ഓഗസ്റ്റ് 23നാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്.
എസ്ഒജി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കേസുമായി ബന്ധപ്പെട്ട് ശെഖാവത്തിന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. നവപ്രഭ ബില്‍ഡ്‌ടെകുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം നടന്നത്. കുറ്റപത്രത്തില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമെന്ന പരാതിയും പിന്നീട് മജിസ്‌ട്രേറ്റ് കോടതി നിരസിച്ചിരുന്നു. തുടര്‍ന്നാണ് പരാതി അഡീഷണല്‍ ഡിസ്ട്രിക്‌ട് കോടതിയിലെത്തുന്നതും അന്വേഷണത്തിന് ഉത്തരവിടുന്നതും. കോണ്‍ഗ്രസ് എംഎല്‍എമാരെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളെ സൂചിപ്പിക്കുന്ന ഓഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ട കേസിലും കേന്ദ്രമന്ത്രിക്ക് എസ്‌ഒജി നേരത്തെ നോട്ടീസ് അയച്ചിരുന്നു.