മുംബൈ: മഹാരാഷ്‌ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ അധികാരമേറ്റു. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. മുംബൈയിലെ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്‌ഞ ചടങ്ങ് നടന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസും, മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാറും ചടങ്ങിനെത്തിയിരുന്നു. അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, അശോക് ചവാന്‍ തുടങ്ങി കോണ്‍ഗ്രസിന്‍റെ കേന്ദ്ര നേതാക്കളുടെ വലിയ സംഘം തന്നെ ശിവാജി പാര്‍ക്കിലെത്തിയിരുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ചടങ്ങിനെത്തില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.
ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, എന്‍സിപിയുടെ ഛഗന്‍ ഭുജ്‌ബല്‍, ജയന്ത് പാട്ടീല്‍ കോണ്‍ഗ്രസിലെ ബാലാസാഹിബ് തൊറാട്ട്, നിതിന്‍ റാവത്ത് എന്നീ ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. മന്ത്രിസഭയുടെ ആദ്യ യോഗം രാത്രി എട്ട് മണിക്ക് ചേരും.