സേലം-ഹൊസൂർ ബൈപാസ് റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം - salem-hosur bypass
അമിതവേഗതയിലെത്തിയ മോട്ടോർ ബൈക്ക് പെൺകുട്ടികൾ സഞ്ചരിച്ച വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്.
ചെന്നൈ: സേലം-ഹൊസൂർ ബൈപാസ് റോഡിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു ആൺകുട്ടിക്കും രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റു. ചാമില (13), ശ്രീദേവി (13), മുരളീധരൻ (17) എന്നിവരാണ് അപകടത്തിൽ പെട്ടത്.മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധർമ്മപുരി ജില്ലാ കലക്‌ടർ ഓഫീസിന് സമീപത്ത് വെച്ച് അമിതവേഗതയിൽ വന്ന മോട്ടോർ ബൈക്ക് പെൺകുട്ടികൾ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ മൂന്നുപേരും വാഹനത്തിൽ നിന്ന് തെറിച്ചുപോവുകയും മറ്റ് വാഹനയാത്രികർ ചേർന്ന് മൂന്ന് പേരെയും ധർമ്മപുരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതേതുടർന്ന് പെൺകുട്ടികളെ വിദഗ്‌ധ ചികിത്സയ്ക്കായി സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.