ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു തമിഴ് ദിനപത്രത്തിലെ റിപ്പോര്‍ട്ടര്‍ക്കും തമിഴ്‌ന്യൂസ് ചാനലിലെ സബ് എഡിറ്റര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. റിപ്പോര്‍ട്ടറെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സബ് എഡിറ്റര്‍ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.
തമിഴ്‌നാട്ടില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്
ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
58 കാരനായ സബ് ഇന്‍സ്പെക്ടര്‍ക്കും, അലന്ദൂരിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലെ താമസക്കാരനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ചികിത്സയിലാണ്. മാര്‍ച്ച് എട്ടിനാണ് തമിഴ്‌നാട്ടില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ചികിത്സയുമായി ബന്ധപ്പെട്ട ചിലവുകള്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണര്‍ ജി. പ്രകാശ് പറഞ്ഞു.
ലോക്ക് ഡൗണ്‍ സമയത്ത് മദ്യ വില്‍പ്പന നടത്തിയതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. 258 മദ്യക്കുപ്പികളും 22,200 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 808 വാഹനങ്ങൾ, 733 മോട്ടോർ സൈക്കിളുകൾ, 48 ഓട്ടോറിക്ഷകൾ, 27 ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. 1,155 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്നും പൊലീസ് പറഞ്ഞു.