ലക്‌നൗ:പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ രണ്ട് മുന്‍ മന്ത്രിമാരെയടക്കം പത്ത് മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി. മുന്‍ മന്ത്രിമാരായ രാംകൃഷ്‌ണ ദ്വിവേദി, സത്യദേവ് ത്രിപാഠി, മുന്‍ എംപി സന്തോഷ് സിങ്, മുന്‍ എംഎല്‍എമാരായ ഭൂധർ നാരായൺ മിശ്ര, വിനോദ് ചൗധരി, നെക് ചന്ദ്ര പാണ്ഡെ, മറ്റ് നേതാക്കളായ സിറാജ് മെഹ്‌ദി, സഞ്ജീവ് സിങ്, സ്വയം പ്രകാശ് ഗോസ്വാമി തുടങ്ങിയവരെയാണ് ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി പുറത്താക്കിയത്.
പൊതുവേദികളില്‍ പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനങ്ങളെ എതിർത്ത് സംസാരിച്ച ഇവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയാണെന്ന് അച്ചടക്ക സമിതിയംഗം ഇമ്രാൻ മസൂദ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു വിശദീകരണം ആവശ്യപ്പെട്ട് 11 നേതാക്കൾക്ക് പാര്‍ട്ടി നോട്ടീസ് നല്‍കിയത്. എന്നാല്‍ മുന്‍ എംഎല്‍എ ഹാഫിസ് മുഹമ്മദ് ഉമര്‍ ഒഴികെ ആരും വിശദീകരണം നല്‍കിയില്ലെന്നും ഇമ്രാന്‍ മസൂദ് കൂട്ടിച്ചേര്‍ത്തു.