കശ്മീരിൽ രണ്ട് സിആർപിഎഫ് ജവാന്മാർ ആത്മഹത്യ ചെയ്തു
എഎസ്ഐ ബാബു, എസ്ഐ ഫത്തേ സിങ് എന്നിവരാണ് ആത്മഹത്യ ചെയ്തത്. സിങിന്റെ സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു
ശ്രീനഗർ: രണ്ട് സിആർപിഎഫ് ജവാന്മാർ ആത്മഹത്യ ചെയ്തു. എഎസ്ഐ ബാബു, എസ്ഐ ഫത്തേ സിങ് എന്നിവരാണ് മരിച്ചത്. കരൺനഗറിൽ ജോലിചെയ്യുന്ന എഎസ്ഐ ബാബു ഇന്ന് രാവിലെയാണ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത്. മധ്യപ്രദേശ് സ്വദേശിയാണ് ബാബു. രാജസ്ഥാൻ സ്വദേശിയായ ഫത്തേ സിങ് അനന്ത്നാഗ് ജില്ലയിലാണ് ഡ്യൂട്ടി ചെയ്യുന്നത്. തിങ്കളാഴ്ച രാവിലെയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് ബാധിക്കുമെന്ന് ഭയക്കുന്നുണ്ടെന്ന് എഴുതിയ കുറിപ്പ് ഫത്തേ സിങിന്റെ മുറിയിൽ നിന്നും കണ്ടെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. സിങിന്റെ സാമ്പിളുകൾ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതർ അറിയിച്ചു.