ദിസ്‌പൂർ: ഇന്ത്യ - ബംഗ്ളാദേശ് അതിർത്തികളിൽ രഹസ്യ ഭൂഗർഭ തുരങ്കങ്ങൾ കണ്ടെത്തി. അസമിലെ കരിംഗഞ്ച് ജില്ലയിൽ തട്ടിക്കൊണ്ടു പോകൽ കേസ് അന്വേഷിക്കുന്നതിനിടെയാണ് പൊലീസ് ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന തുരങ്കങ്ങൾ കണ്ടെത്തിയത്.
ഇന്ത്യ - ബംഗ്ളാദേശ് അതിർത്തിയിൽ രഹസ്യ ഭൂഗർഭ തുരങ്കങ്ങൾ
തുരങ്കം കണ്ടെത്തിയ വിവരം സുരക്ഷ സേനയെ അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
നുഴഞ്ഞുകയറ്റക്കാർ, കുറ്റവാളികൾ, കന്നുക്കാലി കടത്തുകാർ തുടങ്ങിയവർ ഇത് ഉപയോഗിക്കുന്നതായാണ് കരുതുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരാളെ അതിർത്തിയുടെ മറുവശത്തേക്ക് കൊണ്ടു പോയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവിടെ എത്തിയതെന്നും അന്വേഷണം തുടരുകയാണെന്നും തുരങ്കം കണ്ടെത്തിയ വിവരം സുരക്ഷ സേനയെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
അന്താരാഷ്‌ട്ര അതിർത്തിയിലെ ചില ഭാഗങ്ങൾ ഇപ്പോഴും സുരക്ഷിതമല്ലെന്നും അതിർത്തിയുടെ മറുവശത്ത് നിന്നുള്ള സാമൂഹിക വിരുദ്ധർ പലപ്പോഴും സാഹചര്യം മുതലെടുത്ത് കുറ്റകൃത്യങ്ങൾ ചെയ്യുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.