ഇന്ത്യാ - പാക് അതിര്‍ത്തിയില്‍ തുരങ്കം - ഇന്ത്യാ പാക് അതിര്‍ത്തി
ജമ്മു കശ്‌മീരിലെ സാംബയിലാണ് തുരങ്കം കണ്ടെത്തിയത്. ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ നിര്‍മിച്ച തുരങ്കമാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യാ പാകിസ്ഥാൻ അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തിയതായി അതിര്‍ത്തി സുരക്ഷാ സേന. ജമ്മു കശ്‌മീരിലെ സാംബയില്‍ നടന്ന പതിവ് പരിശോധനക്കിടെയാണ് അതിര്‍ത്തിയോട് ചേര്‍ന്ന് തുരങ്കം കണ്ടെത്തിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ നിര്‍മിച്ച തുരങ്കമാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മണല്‍ ചാക്കുകള്‍കൊണ്ട് നിര്‍മിച്ച തുരങ്കം പെട്ടെന്ന് ആരുടെയും ശ്രദ്ധയിലെപ്പെടാത്ത വിധം അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് അതിര്‍ത്തി സുരക്ഷാ സേന ജമ്മു ഐജി ജംവാള്‍ പറഞ്ഞു. തുരങ്കം കണ്ടെത്തിയ പശ്ചാത്തലത്തില്‍ സാംബയില്‍ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. സമീപത്തെ മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഐജി ജംവാള്‍ അറിയിച്ചു.