ലഖ്‌നൗ: ഹത്രാസിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചത് സത്യത്തിന്‍റെ വിജയമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര. ഒരു വശത്ത് സർക്കാർ അനീതിയുടെ പക്ഷത്ത് നിന്നു. പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന്‍റെ സമ്മതം കൂടാതെ സംസ്കരിച്ചു. പെൺകുട്ടിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നു. കുടുംബത്തെ ഭീഷണിപ്പെടുത്തി. എന്നാൽ ഒടുവിൽ സത്യം വിജയിച്ചുവെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
കുറ്റപത്രം സമർപ്പിച്ചതിനെ സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവും പ്രശംസിച്ചു. ഹത്രാസ് സംഭവത്തിൽ ഉത്തർപ്രദേശിൽ ബിജെപി സർക്കാർ ഒരുപാട് ശ്രമിച്ചിട്ടും പൊതുജനങ്ങളുടെയും പ്രതിപക്ഷത്തിന്‍റെയും യഥാർത്ഥ മാധ്യമങ്ങളുടെയും സമ്മർദ്ദം കാരണം സിബിഐക്ക് അന്വേഷണം നടത്തേണ്ടിവന്നു. ഇപ്പോൾ പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ നാല് പ്രതികൾക്കെതിരെ കുറ്റപത്രം ഫയൽ ചെയ്തിട്ടുണ്ടെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.