ഹൈദരാബാദ്: ഇന്ത്യ മികച്ച രാജ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ചാമ്പ്യനെന്നും പറഞ്ഞ് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസംഗത്തിന് വൻ കയ്യടിയാണ് ലഭിച്ചത്. എന്നാല്‍ ഓരോ തവണയും മോദിയേയും ഇന്ത്യയേയും പുകഴ്ത്തുമ്പോൾ അതിനൊപ്പം അമേരിക്കയുടെ മഹത്വം കൂടി വിളമ്പുന്ന വീമ്പുപറച്ചിലിനാണ് ട്രംപ് പ്രാധാന്യം നല്‍കിയിരുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും മികച്ച യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന രാജ്യമാണ് അമേരിക്കയെന്ന് പറഞ്ഞ ട്രംപ് അതെല്ലാം ഇന്ത്യയ്ക്ക് നല്‍കാൻ തയ്യാറാണെന്നും വ്യക്തമാക്കി. ഇന്ത്യയ്ക്ക് ആയുധം നല്‍കാൻ 22,000 കോടി രൂപയുടെ പ്രതിരോധ കരാറിനാണ് ട്രംപ് ഇന്ത്യയില്‍ നിന്ന് മടങ്ങുമ്പോൾ കച്ചവടമായത്. ഇതാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തില്‍ അന്തർദേശീയ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വിമർശനങ്ങൾ നിറയാൻ കാരണം.
ട്രംപ് കണ്ടത് നിറമുള്ള ഇന്ത്യ മാത്രം; നിറമില്ലാത്ത ഇന്ത്യ ഇവിടെയുണ്ടെന്ന് വിമർശനം - നിറമില്ലാത്ത ഇന്ത്യ ഇവിടെയുണ്ടെന്ന് വിമർശനം
ട്രംപിന്‍റെ അഹമ്മദാബാദ് പ്രസംഗം വീമ്പുപറച്ചിലെന്ന് വിമർശനമുയരുന്നുണ്ട്. ഇന്ത്യന്‍ വംശജരുടെ വോട്ട് ലക്ഷ്യമിട്ടാണ് ട്രംപ് ഇന്ത്യയിലെത്തിയതെന്നും ആരോപണമുയരുന്നു
അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ എക്കാലത്തെയും മികച്ച നിലയിലേക്കാണ് ഉയരുന്നതെന്നും തൊഴിലില്ലായ്‌മ നിരക്ക് കുത്തനെ കുറഞ്ഞുവെന്നും താൻ സ്വന്തം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണെന്നും അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലെ ആൾക്കൂട്ടത്തെ നോക്കി ട്രംപ് പ്രഖ്യാപിച്ചു. ലോകത്ത് സമാധാനം നിലനിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് പറഞ്ഞ ട്രംപ് ഇന്ത്യയില്‍ കത്തിനില്‍ക്കുന്ന ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെക്കുറിച്ച് പ്രതികരിച്ചില്ല. ഇന്ത്യയുടെ മത - ഭാഷാ വൈവിധ്യത്തെ പുകഴ്‌ത്തിയ ട്രംപ് ആ വൈവിധ്യത്തിന് ഏല്‍ക്കാൻ പോകുന്ന ക്ഷതത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല. മെക്‌സിക്കോയില്‍ നിന്നുള്ള അഭയാര്‍ഥികളെ തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ പണിത ട്രംപ് അതിന്‍റെ ഇന്ത്യന്‍ വകഭേദമായ പൗരത്വ നിയമ ഭേദഗതി നിയമത്തെ കുറിച്ച് മിണ്ടിയില്ല. ട്രംപിന്‍റെ വരവിന് മുന്നോടിയായി അഹമ്മദാബാദില്‍ ചേരിമറയ്ക്കാൻ നിർമിച്ച മതിലുകളെ കുറിച്ചും അമേരിക്കൻ പ്രസിഡന്‍റ് അറിഞ്ഞിട്ടുണ്ടാകില്ല.
ഐഎസ് തലവന്‍ അബൂബക്കർ അല്‍ ബാഗ്‌ദാദിയുടെ വധത്തെ അമേരിക്കയുടെ കരുത്തായി ഉയര്‍ത്തിക്കാട്ടിയ ട്രംപ് ഭീകരവാദത്തിനെതിരെ കടുത്ത നിലപാടെടുക്കുമെന്ന് പ്രഖ്യാപിച്ചു. അതോടൊപ്പം ഭീകരതയുടെ ഒളിത്താവളമായ പാകിസ്ഥാന്‍ അമേരിക്കയുടെ അടുത്ത സുഹൃത്താണെന്നും പറഞ്ഞു. പാകിസ്ഥാൻ ഭീകരതയ്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ട്രംപ് പറയുമ്പോൾ അതിന് പിന്നിലുള്ളത് വലിയ ആയുധകച്ചവടമാണെന്ന് മൊട്ടേര സ്റ്റേഡിയത്തിലെ ആൾക്കൂട്ടം ചിന്തിച്ചിട്ടുണ്ടാകില്ല. വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ വോട്ട് ലക്ഷ്യമിട്ടാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യ സന്ദർശനമെന്നുള്ള വിമർശനം തുടക്കം മുതലേയുണ്ടായിരുന്നു. അമേരിക്കയില്‍ നടന്ന ഹൗഡി മോദിയുടെ ഇന്ത്യൻ പതിപ്പാണ് അഹമ്മദാബാദില്‍ നടന്നതെന്നും വ്യക്തമാണ്.