ന്യൂഡല്‍ഹി: 89 ആപ്ലിക്കേഷനുകൾ ഇല്ലാതാക്കാൻ ഇന്ത്യൻ കരസേന സൈനികരോട് ആവശ്യപ്പെട്ടത് അന്യായമാണെന്ന് സ്വീഡിഷ് കോളർ ഐഡന്റിഫിക്കേഷൻ ആപ്ലിക്കേഷനായ ട്രൂകോളര്‍ മേധാവികള്‍ പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്ര സർക്കാർ നിരോധിച്ച ടിക്ക് ടോക്ക് പോലുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. മാത്രമല്ല ട്രൂകോളറിന് പുറമെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, സൂം, റെഡ്ഡിറ്റ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളും ഒഴിവാക്കാന്‍ സൈനികരോട് കരസേന ആവശ്യപ്പെട്ടിട്ടുണ്ട്.ദേശീയ സുരക്ഷ മുന്നില്‍ കണ്ടാണ് കരസേനയുടെ തീരുമാനം. കരസേനയുടെ തീരുമാനം ഏറെ നിരാശജനിപ്പിക്കുന്നുവെന്നും ട്രൂകോളര്‍ മേധാവികള്‍ പറഞ്ഞു.
സ്റ്റോക്ക്ഹോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൂകോളർ കോളർ ഐഡി, സ്പാം കണ്ടെത്തൽ, സന്ദേശമയയ്ക്കൽ എന്നിവക്കാണ് സഹായകരമാകുന്നത്. 'ഞങ്ങളുടെ പൗരന്മാർക്കും ഞങ്ങളുടെ സായുധ സേനാംഗങ്ങൾക്കും ട്രൂകോളർ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നാണ് ഞങ്ങൾ മനസിലാക്കിയതെന്നും ട്രൂകോളർ നിരോധിത ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടാൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ലെന്നും ഇക്കാര്യം കൂടുതൽ അന്വേഷിക്കുമെന്നും' ട്രൂകോളര്‍ മേധാവികള്‍ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.