കൊല്‍ക്കത്ത: കൊവിഡ് 19 വ്യപനത്തെ തുടര്‍ന്നുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ലോക്ക് ഡൗണ്‍ പ്രഖ്യാപനം ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. അതിഥി തൊഴിലാളികളെ സര്‍ക്കാര്‍ അവഗണിച്ചെന്നും ആദ്യ ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുധീപ് ബന്ദോപാണ്ഡെ കുറ്റപ്പെടുത്തി.
ലോക്ക് ഡൗണ്‍ ദീര്‍ഘവീക്ഷണമില്ലാത്ത നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
ആദ്യ ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന് മുമ്പ് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു
അതിഥി തൊഴിലാളികള്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക ശക്തിയാണെന്നും നിരവധി തൊഴിലാളികളാണ് സ്വന്തം നാടും കുടുംബവും വിട്ട് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനായി കോടികള്‍ ചെലവാക്കിയ കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ട തൊഴിലാളികളുടെ പട്ടിണിയകറ്റാന്‍ എന്ത് ചെയ്‌തെന്ന് അദ്ദേഹം ചോദിച്ചു. കൊല്‍ക്കത്തയിലെ തൃണമൂല്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൃത്യമായ ആസൂത്രണമില്ലാതെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രം പ്രത്യേക ധനസഹായ പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.