ഹരിയാന: വെണ്ണക്കല്ലിൽ കൊത്തിയെടുത്ത മഹാത്ഭുതമായ താജ്‌മഹൽ ഉൾപ്പെടെയുള്ള നിരവധി ചരിത്ര സംഭവങ്ങളും കഥകളും മനസിലാക്കാൻ നമുക്കിന്നും ചരിത്ര പുസ്‌തകങ്ങളിലൂടെ കടന്നു പോയാൽ മതി. എന്നാൽ ആർക്കുമറിയാത്ത, ഇവയിലൊന്നും ഉൾപ്പെടുത്താതെ പോയ നിരവധി ചരിത്ര സംഭവങ്ങളും കഥകളും ഇന്നും നമുക്ക് ചുറ്റുമുണ്ട്. 'ഹരിയാനയുടെ താജ്‌മഹല്‍' എന്ന പേരിൽ അറിയപ്പെടുന്ന ഒരു ചരിത്ര സ്‌മാരകത്തിലൂടെ നമുക്കിന്ന് കടന്നു പോകാം. ഷെയ്‌ഖ് ചില്ലി ശവകുടീരം എന്നാണ് ഇതിന്‍റെ പേര്. താജ്‌മഹല്‍ നിർമിച്ച കാലത്ത് തന്നെയാണ് ഈ കുടീരവും നിർമിച്ചത്.
ഷെയ്‌ഖ് ചില്ലി സ്‌മാരകം; ഹരിയാനയുടെ സ്വന്തം താജ്‌മഹല്‍ മഹാഭാരതം, ശക്തിപീഠം, ഹിന്ദു മത കേന്ദ്രങ്ങൾ എന്നിവയുടെ പേരിൽ മാത്രമല്ല ഷെയ്ഖ് ചില്ലിയുടെ പേരിലും കുരുക്ഷേത്ര പ്രശസ്‌തമാണ്. ഷെയ്ഖ് ചില്ലി എന്ന് കേൾക്കുന്ന ആ നിമിഷം ഒരു പക്ഷെ, തന്നെ കുറിച്ച് നുണകൾ പറഞ്ഞും സ്വയം പുകഴ്‌ത്തിയും താനൊരു വലിയ സംഭവമാണെന്ന് വരുത്തി തീര്‍ക്കുന്ന ഒരു വ്യക്തിയുടെ ചിത്രമായിരിക്കും നമ്മുടെ മനസിലേക്ക് കയറി വരുക. എന്നാൽ നമ്മള്‍ ഇവിടെ സൂഫി സന്യാസിയായ ഷെയ്ഖ് ചില്ലിയെ കുറിച്ചാണ് പറയുന്നത്. അത്യാധുനികനായ ഒരു ഗുരു കൂടിയാണ് അദ്ദേഹം. യഥാർഥത്തിൽ അദ്ദേഹത്തിന്‍റെ പേര് ഷെയ്ഖ് ചില്ലി എന്നല്ല, ഷെയ്‌ഖ് ചഹേലി എന്നാണ്.
കുരുക്ഷേത്രയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കുന്നിനു മുകളിലായാണ് ഷെയ്ഖ് ചില്ലിയുടെ ശവകുടീരം. മുഗൾ വാസ്‌തു വിദ്യയിലുള്ള മനോഹരമായ ശവകുടീരമാണിത്. ഇതിന്‍റെ പ്രധാന കെട്ടിടം മാര്‍ബിള്‍ കല്ലുകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അതിമനോഹരമായ ഒരു കുംഭം ഈ കെട്ടിടത്തിനു മുകളിലായുണ്ട്. ചാരുതയാർന്ന ഇതിന്‍റെ വാസ്‌തു വിദ്യ കാരണം ഉത്തരേന്ത്യയിൽ താജ്‌മഹൽ കഴിഞ്ഞാൽ രണ്ടാം സ്ഥാനം ഈ ശവകുടീരത്തിനാണ്. ഇതിന് തൊട്ട് വലത് വശത്തായി തന്നെ അദ്ദേഹത്തിന്‍റെ ഭാര്യയുടെ ശവകുടീരവുമുണ്ട്. ചിത്രാലങ്കൃതമായ മണല്‍ കല്ലുകൾ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്.
ഇതിന് തൊട്ടു പിറകിലായാണ് കുരുക്ഷേത്രയിലെ പ്രശസ്‌തനായ സന്യാസിയായിരുന്ന ഷെയ്‌ഖ് ജലാലുദ്ദീന്‍ തനേസരിയുടെ ശവകുടീരം. മുഗൾ ചക്രവർത്തിയായ ഹുമയൂൺ, ഷെയ്‌ഖ് ജലാലുദ്ദീന്‍ തനേസരിയുടെ ശവകുടീരത്തിന് മുൻപിൽ നിന്ന് ഒരു മകന് വേണ്ടി പ്രാർത്ഥിക്കുകയും അങ്ങനെ അദ്ദേഹത്തിന് അക്‌ബർ എന്ന മകൻ ജനിച്ചെന്നുമാണ് വിശ്വാസം. അതിനെ തുടർന്നാണ് അക്‌ബറിന്‍റെ പേരിനു മുൻപിലായി ജലാലുദ്ദീന്‍ എന്ന പേര് ഉപയോഗിക്കുന്നതെന്നും കരുതുന്നു. അക്‌ബർ രണ്ട് തവണ ഷെയ്‌ഖ് ജലാലുദ്ദീന്‍ തനേസരിയുടെ ശവകുടീരം സന്ദർശിച്ചതായും കരുതപ്പെടുന്നു.