ന്യൂഡൽഹി: പൂർണ ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുന്നതിൽ യോഗയുടെ പങ്ക് വളരെ വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശം, നിറം, ലിംഗഭേദം, വിശ്വാസം എന്നിവക്ക് മുകളിലാണ് യോഗ. അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐക്യദാർഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദിനമാണ്. യോഗ മനുഷ്യബന്ധങ്ങളെ കൂടുതൽ ദൃഢമാക്കുന്നുവെന്നും അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം; വംശം, നിറം, ലിംഗഭേദം, വിശ്വാസം എന്നിവക്ക് മുകളിലാണ് യോഗയെന്ന് പ്രധാനമന്ത്രി യോഗ ദിനത്തോടനുബന്ധിച്ച് ഈ വർഷം നടക്കുന്ന പരിപാടികളിൽ കൊവിഡ് പ്രതിരോധത്തിന് ഊന്നൽ നൽകുന്നു. വ്യക്തികൾക്ക് യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് മനസിലാക്കാനും, പ്രതിരോധശേഷി വികസിപ്പിക്കുന്നതിനുമുള്ള വശങ്ങൾ വിശദീകരിച്ച് സമൂഹത്തെ ശക്തിപ്പെടുത്താനും യോഗ ദിനത്തോടനുബന്ധിച്ച് സംപ്രേഷണം ചെയ്യുന്ന പരിപാടികൾ സഹായിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) അധ്യക്ഷൻ വിനയ് സഹസ്രബുദ്ധെ പറഞ്ഞു.
മെയ് 31ന് പ്രധാനമന്ത്രി ആരംഭിച്ച 'മൈ ലൈഫ് - മൈ യോഗ' വീഡിയോ ബ്ലോഗിങ് മത്സരത്തിലൂടെ ആരോഗ്യ മന്ത്രാലയവും ഐസിസിആറും യോഗയെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുകയും യോഗ ദിനത്തിൽ പങ്കാളികളാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമിട്ടത്. ന്യൂഡൽഹിയിലെ എയിംസിലാണ് ഇത്തവണ യോഗ ദിനം ആഘോഷിച്ചത്. സെന്‍റർ ഫോർ ഇന്‍റഗ്രേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ചിന്‍റെ (സിഐഎംആർ) ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ ഏഴ് മുതൽ എയിംസ് ടെലിമെഡിസിൻ യൂട്യൂബ് ചാനലിലൂടെ ഓൺലൈൻ തത്സമയ യോഗ സംപ്രേഷണം ചെയ്‌തു.
രോഗങ്ങൾ തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും യോഗയുടെ സാധ്യതയും പ്രായോഗിക ക്ഷമതയും മനസിലാക്കുന്നതിനായി ഗവേഷണം നടത്തുക എന്നതാണ് സിഐഎംആറിന്‍റെ ലക്ഷ്യം. എല്ലാ വർഷവും ലോകമെമ്പാടും യോഗ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്, എന്നാൽ ഈ വർഷം അത് സാധിച്ചില്ല. പകരം യോഗാ പരിപാടികൾ കൂടുതലും ഡിജിറ്റലായി സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചു. അമേരിക്കയില്‍ യോഗയില്‍ താല്‍പര്യമുള്ള ആയിരക്കണക്കിന് ആളുകള്‍ അവരുടെ വീടിനുള്ളിൽ സുരക്ഷിതമായി യോഗ ചെയ്യാനാരംഭിച്ചു. യോഗ ദിനത്തിൽ യോഗ ഗുരു ബാബ രാംദേവും തത്സമയ പരിപാടിയിൽ പങ്കെടുത്തു.