ഹൈദരാബാദ്: കൊവിഡ് മഹാമാരിയെ തുടർന്ന് ദശലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾ ഉപജീവനമാർഗം തേടി ചെന്ന നഗരങ്ങൾ ഉപേക്ഷിച്ച് സ്വന്തം നാടുകളിൽ തിരിച്ചെത്തി. ഭക്ഷണവും വെള്ളവും ഇല്ലാതെ നഗരങ്ങളിൽ നിന്ന് മൈലുകൾ താണ്ടി അവര്‍ സ്വന്തം നാട്ടിലേക്ക് നടക്കുന്ന കാഴ്‌ച ഇന്ത്യൻ ജനതയുടെ കണ്ണുകള്‍ നനയിച്ചു. പാവപ്പെട്ട കൂലിത്തൊഴിലാളികളെ ഉപജീവനമാർഗങ്ങൾ തേടി മറ്റ് നഗരങ്ങളിലേക്ക് തള്ളിവിടുന്നതിന് പകരം സ്വന്തം നാട്ടിൽ തന്നെ ഉപജീവനമാർഗം നൽകേണ്ടതിന്‍റെ ആവശ്യകത കൊവിഡ് വെളിപ്പെടുത്തി. നാട്ടിൻപുറങ്ങളിൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തൊഴിലവസരങ്ങളും ലഭിക്കാത്ത സാഹചര്യത്തിൽ, ദശലക്ഷക്കണക്കിന് ആളുകൾ ജീവിക്കാനായി വിദൂര സ്ഥലങ്ങളിലേക്ക് കുടിയേറുന്നു.
നഗരങ്ങളിലും അത്തരമൊരു സൗകര്യം സജ്ജമാക്കിയാൽ മാത്രമേ ഗ്രാമ സ്വരാജ് എന്ന ഗാന്ധിജിയുടെ സ്വപ്‌നം യാഥാർത്ഥ്യമാകൂ. ഗ്രാമങ്ങളിൽ താമസിക്കുന്ന ആറ് ദശലക്ഷത്തിലധികം ആളുകൾക്ക് സ്വാശ്രയത്വത്തോടെ, സുസ്ഥിരതയോടെ സ്വതന്ത്രമായി ജീവിക്കാൻ സാങ്കേതികവിദ്യ ഒരു വലിയ സഹായ സ്രോതസാകണം. ഗ്രാമീണ മേഖലയിൽ ഇത്തരം ഒരു പ്രസ്ഥാനം പ്രാബല്യത്തിൽ വരുത്തുന്നതിന് പീപ്പിൾ നോളജ് പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ സർക്കാരിന്‍റെ പൊതു-സ്വകാര്യ പങ്കാളിത്തം ഏർപ്പെടുത്തണം. കഴിഞ്ഞ പത്ത് വർഷങ്ങളായി ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള അതിഥി തൊഴിലാളികളുടെ കുടിയേറ്റം കുതിച്ചുയരുന്നു. വിവിധ കണക്കുകളനുസരിച്ച്, കുടിയേറ്റക്കാരുടെ എണ്ണം 7.2 കോടിയിൽ നിന്ന് 11 കോടിയായി. കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയുടെ തൊട്ടുപുറകിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഗാന്ധീയൻ ഗ്രാമ സ്വരാജ്
ഗാന്ധിജിയുടെ ഗ്രാമ സ്വരാജ് പദ്ധതിയനുസരിച്ച് ഗ്രാമങ്ങളെ സാമ്പത്തികമായി സ്വയംപര്യാപ്‌തമാക്കുക എന്നതാണ് പുതിയ വളർച്ചാ മാതൃക. ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മഹാത്മാഗാന്ധി ഗ്രാമീണ പ്രസ്ഥാനങ്ങളായ ചമ്പാരൻ (1917), സേവാഗ്രാം (1920), വർധ (1938) എന്നിവക്ക് നേതൃത്വം നൽകി. ഗ്രാമതലത്തിൽ വികേന്ദ്രീകൃത രാഷ്ട്രീയ സംവിധാനം സൃഷ്‌ടിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഗ്രാമീണർക്ക് സാമ്പത്തിക സ്വയംപര്യാപ്‌തതയും സാമൂഹിക സമത്വവും കൈവരിക്കാനുള്ള അന്തരീക്ഷം സൃഷ്‌ടിക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. സ്വയംപര്യാപ്‌തവും സാമ്പത്തികവും സാമൂഹികവുമായ തുല്യതയുള്ള ഗ്രാമങ്ങള്‍ക്ക് മാത്രമെ യഥാർഥ ജനാധിപത്യത്തിന്‍റെ വേരുകൾ വികസിപ്പിക്കാൻ കഴിയൂവെന്ന് മഹാത്മാ ഗാന്ധി വീക്ഷിച്ചിരിന്നു. 'ഓരോ ഗ്രാമവും ഒരു വ്യക്തിഗത റിപ്പബ്ലിക് സ്ഥാപനമായി പ്രവർത്തിക്കുമ്പോഴാണ് ഗ്രാമ സ്വരാജ് സ്ഥാപിതമായതെന്ന് പറയാം.
സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റിക്കൊണ്ട് അയൽ ഗ്രാമങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര രാഷ്ട്രമാണിത്.' ഓരോ ഗ്രാമവും സ്വാശ്രയത്വത്തിലൂടെയും പരസ്‌പര സഹകരണത്തിന്‍റെയും പ്രതീകമായി നിലനിൽക്കണമെന്ന് ഗാന്ധിജി ഊന്നിപ്പറഞ്ഞു. ആളുകൾ പ്രാദേശികമായി ജോലി ചെയ്യുകയും കൂടുതൽ ഉൽപാദനക്ഷമതയോടെ ഉയർന്ന വരുമാനം നേടുകയും ചെയ്യുന്ന ഗ്രാമമാണ് ഗ്രാമ സ്വരാജ്. സാങ്കേതികവിദ്യയാണ് ഗ്രാമ വികസനത്തിന്‍റെ താക്കോൽ എന്ന് ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു. ഒരു പരമ്പരാഗത ചർക്ക, സാങ്കേതികമായി വികസിപ്പിക്കാന്‍ കഴിയുന്നവര്‍ക്ക് ഗാന്ധിജി ഒരു ലക്ഷം രൂപ, അതായത് ഇന്നത്തെ ഏതാണ്ട് 2.5 കോടി രൂപ, പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഗ്രാമങ്ങളില്‍ ആധുനിക സൗകര്യങ്ങൾ ഒരുക്കാനായി മുൻ രാഷ്ട്രപതി, എ.പി.ജെ അബ്‌ദുൾ കലാം ഒരു വികസന പദ്ധതി നിർദേശിച്ചിരിന്നു. 50 മുതൽ 100 വരെ ഗ്രാമങ്ങളെ ഒരു ക്ലസ്‌റ്റർ ആക്കി പരിവര്‍ത്തനം ചെയ്‌താല്‍ താമസവും വിപണിയും വികസിപ്പിക്കാമെന്ന് അദ്ദേഹം വീക്ഷിച്ചിരിന്നു. ഈ ഗ്രാമ സമുച്ചയത്തെ അദ്ദേഹം 'പുര കോംപ്ലക്‌സ്' എന്നാണ് വിളിച്ചിരുന്നത്. റോഡുകൾ, കെട്ടിടങ്ങൾ, താമസം, സംഭരണ സൗകര്യങ്ങൾ, ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയുടെ സഹായത്തോടെ വിവിധ ഗ്രാമങ്ങളെ ബന്ധിപ്പിക്കാൻ കലാം നിർദേശിച്ചു. അതുവഴി ഗ്രാമങ്ങളുടെ അത്തരം ആവശ്യങ്ങളെല്ലാം ഒരൊറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുകയും, ഗ്രാമീണർക്ക് പരസ്‌പരം ഇടപഴകുന്നത് സാധ്യമാക്കി. ഈ മാര്‍ഗത്തിലൂടെ ഗ്രാമങ്ങൾക്കും പട്ടണങ്ങൾക്കും വികസന പാതയിലേക്ക് എളുപ്പത്തിൽ ഏത്താൻ സാധിക്കുമെന്നും അദ്ദേഹം വീക്ഷിച്ചു.