ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസ് സിബിഐ ഏറ്റെടുത്തു. അതേ സമയം കേസുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരെ കൂടി ക്രൈം ബ്രാഞ്ച് സിഐഡി സംഘം ചോദ്യം ചെയ്‌തു. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ജയരാജും മകന്‍ ബെനിക്‌സുമാണ് പൊലീസ് സ്റ്റേഷനില്‍ ക്രൂര മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരെ അറസ്റ്റ് ചെയ്യുകയും റിമാന്‍റ് ചെയ്യുകയും ചെയ്‌തിരുന്നു. അഞ്ച് പൊലീസുകാര്‍ കൂടി നിലവില്‍ അന്വേഷണപരിധിയിലാണ്. സിബിഐ പ്രത്യേക സംഘത്തെ തന്നെ അന്വേഷണത്തിനായി നിയമിച്ചിട്ടുണ്ട്. നിരവധി പൊലീസുകാര്‍ നിരീക്ഷണത്തിലാണെന്നും ഇതിനകം തന്നെ ചിലരെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും സിബിഐ അധികൃതര്‍ വ്യക്തമാക്കി. വ്യാപാരികളായ അച്ഛനും മകനും കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്‍റെയും കേന്ദ്രത്തിന്‍റെയും ആവശ്യപ്രകാരം സിബിഐ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് സിബിഐ വക്താവ് ആര്‍കെ ഗൗര്‍ പറഞ്ഞു. തൂത്തുക്കുടിയിലെ കോവില്‍പട്ടി സ്റ്റേഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്‌ത കേസ് ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസ് സിബിഐ ഏറ്റെടുത്തു
കേസില്‍ അഞ്ച് പൊലീസുകാരെ കൂടി ക്രൈം ബ്രാഞ്ച് സിഐഡി സംഘം ചോദ്യം ചെയ്‌തു
നിലവില്‍ അറസ്റ്റ് ചെയ്‌തവരെ സിബിഐ കസ്റ്റഡിയില്‍ എടുക്കുമെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. മൊബൈല്‍ ഷോപ്പ് നടത്തിവന്നിരുന്ന ജയരാജും ബെനിക്‌സും ജൂണ്‍ 22, 23 തീയതികളിലായാണ് മരിച്ചത്. ജൂണ്‍ 19നാണ് ഇവരെ സാത്താങ്കുളം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്നാണ് ക്രൂര മര്‍ദനത്തിനിരയായി ഇരുവരും മരിച്ചത്. മരണത്തില്‍ സംസ്ഥാനത്തും പുറത്തുമായി വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിന്‍റെ നിര്‍ദേശപ്രകാരം സിബി സിഐഡിയാണ് നിലവില്‍ കേസന്വേഷിക്കുന്നത്. കേസില്‍ ഇതുവരെ ഒരു ഇന്‍സ്‌പെക്‌ടറടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.