ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതര്‍ ഒരു ലക്ഷം കടന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുകയാണ് തമിഴ്‌നാട്. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്‌ട്ര തുടരുകയാണ്. എന്നാല്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചതും നേരത്തെയുള്ള രോഗസ്ഥിരീകരണവുമാണ് രോഗബാധിതരുടെ നിരക്ക് കൂടാന്‍ കാരണമെന്ന് സര്‍ക്കാര്‍ പറയുന്നു. തമിഴ്‌നാട്ടില്‍ ഇതുവരെ 1,02,721 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1385 പേര്‍ ഇതുവരെ മരിച്ചു. 58,378 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. സംസ്ഥാനത്ത് രോഗവിമുക്തി നേടിയവര്‍ 57 ശതമാനമാണ്.
ഏകദേശം 12.70 ലക്ഷത്തോളം സാമ്പിളുകളാണ് തമിഴ്‌നാട്ടില്‍ പരിശോധനാവിധേയമാക്കിയത്. വെള്ളിയാഴ്‌ച 35,028 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ മരണനിരക്ക് 1.3 ശതമാനമാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പി അന്‍പഴകനും കഴിഞ്ഞ ആഴ്‌ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂണില്‍ കൊവിഡ് ബാധിച്ച് ഡിഎംകെ നിയമസഭാംഗം ജെ അന്‍പഴകന്‍ മരിച്ചിരുന്നു. മാര്‍ച്ച് 7നാണ് തമിഴ്‌നാട്ടില്‍ ആദ്യ കൊവിഡ് കേസ് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ സ്ഥിരീകരിക്കുന്നത്. ഒമാനില്‍ നിന്നെത്തിയ കാഞ്ചീപുരം സ്വദേശിക്കാണ് കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. ആദ്യഘട്ടത്തില്‍ ദിവസേനയുള്ള കേസുകള്‍ കുറവായിരുന്നെങ്കിലും തബ്‌ലീഗ് ജമാഅത്തില്‍ പങ്കെടുത്തവര്‍ക്കും കോയമ്പേട് മാര്‍ക്കറ്റിലും കൊവിഡ് സ്ഥിരീകരിച്ചത് കേസുകളുടെ എണ്ണം കൂടാന്‍ കാരണമായി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമെത്തിയ ആളുകള്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തതും സംസ്ഥാനത്ത് കൊവിഡ് വര്‍ധിക്കാന്‍ കാരണമായതായി സര്‍ക്കാര്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ കൊവിഡ് പിടിമുറുക്കിയത് ചെന്നൈയിലായിരുന്നുവെങ്കിലും പിന്നീട് കാണാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്‍റെ മറ്റ് പ്രദേശങ്ങളിലേക്ക് കൊവിഡ് പടരുന്ന കാഴ്‌ചയാണ്. ചെന്നൈയില്‍ ഇതുവരെ 64,689 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ജനസാന്ദ്രത കൂടിയത് നഗരത്തില്‍ കേസുകള്‍ വര്‍ധിക്കാന്‍ കാരണമായതായി സര്‍ക്കാര്‍ പറയുന്നു. ഇതുവരെ ചെന്നൈയില്‍ 158 കണ്ടെയ്‌ന്‍മെന്‍റ് സോണുകളാണ് ഉള്ളത്. ഇതില്‍ 50 എണ്ണം തോണ്ടിയാര്‍പേട്ടും 43 എണ്ണം അണ്ണാനഗറിലുമാണ്. തോണ്ടിയാര്‍പേട്ടില്‍ വിദഗ്‌ധ പരിശീലനം നേടിയ 2200 പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആളുകളെ കണ്ടെത്തി പരിശോധന നടത്തി ചികില്‍സ നല്‍കുന്നുണ്ടെന്നും സാംസ്‌കാരിക മന്ത്രി കെ പാണ്ടിരാജന്‍ പറഞ്ഞു. ഇതുവഴി ഇവിടെ രോഗവിമുക്തി നേടിയവരുടെ എണ്ണം കൂട്ടാനും മരണനിരക്ക് കുറക്കാനും സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെന്നൈയുടെ അയല്‍ജില്ലകളായ കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, മധുരെ എന്നീ ജില്ലകളിലും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈ ജില്ലകളില്‍ നിലവില്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്. സംസ്ഥാനത്ത് നിത്യേന ഉയര്‍ന്ന നിരക്കില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പരിശോധന വര്‍ധിപ്പിച്ചതാണ് കേസുകളുടെ എണ്ണം കൂടിയതെന്നും മരണനിരക്ക് കുറയ്‌ക്കുകയെന്നതാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യമെന്ന് ആരോഗ്യ സെക്രട്ടറി ജെ രാധാകൃഷ്‌ണന്‍ പറയുന്നു. തമിഴ്‌നാട്ടില്‍ കൊവിഡ് മരണനിരക്ക് 1.3 ശതമാനമാണ്. ദേശീയ ശരാശരിയായ 2.9 ശതമാനത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.