ന്യൂഡല്‍ഹി:ദേശീയ തലസ്ഥാനത്ത് പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കിയാല്‍ ആദ്യം ഡല്‍ഹി വിടേണ്ടിവരിക ബിജെപി എംപി മനോജ് തിവാരിയായിരിക്കുമെന്ന അരവിന്ദ് കെജ്‌രിവാളിന്‍റെ പരാമര്‍ശത്തിനെതിരെ തിവാരിയുടെ ലീഗല്‍ നോട്ടീസ്. ഡല്‍ഹിയിലെ ക്രമസമാധാനത്തെ പരമാര്‍ശം ബാധിക്കുമെന്നും ബീഹാറില്‍ ജനിച്ച തിവാരിക്കെതിരെ തെറ്റായ അറിവ് പ്രചരിപ്പിക്കാനാണ് കെജ്‌രിവാള്‍ ശ്രമിച്ചതെന്നും നോട്ടീസില്‍ പറയുന്നു.
ദേശീയപൗരത്വ രജിസ്റ്റര്‍ പരാമര്‍ശത്തിനെതിരെ ഡല്‍ഹിമുഖ്യമന്ത്രിക്ക് തിവാരിയുടെ നോട്ടീസ് - ബിജെപി എംപി മനോജ് തിവാരി
ആംആദ്‌മി എംഎല്‍എ സൗരഭ് ഭരദ്വാജിനെതിരെയും നോട്ടീസ് പുറപ്പെടുവിച്ചു.ഇരുവരും രണ്ടുദിവസത്തിനകം ക്ഷമാപണം നടത്താനാണ് നിര്‍ദേശം
പൗരത്വ രജിസ്റ്ററിനെ കുറിച്ച് അറിവില്ലാതെയാണ് കെജ്‌രിവാള്‍ പ്രതികരിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ശ്രമം. നഗരത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒഡിഷ എന്നീ പ്രദേശങ്ങളില്‍ നിന്ന് ഡല്‍ഹിയില്‍ വന്നുതാമസിക്കുന്നവര്‍ക്ക് ഡല്‍ഹി വിടേണ്ടിവരുമെന്ന് പറഞ്ഞ ആംആദ്‌മി എംഎല്‍എ സൗരഭ് ഭരദ്വാജിനെതിരെയും നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രസ്താവനക്കെതിരെ രണ്ട് ആംആദ്‌മി നേതാക്കളും രണ്ട് ദിവസത്തിനുള്ളിൽ മാപ്പ് ചോദിച്ച് ശിക്ഷയില്‍ നിന്നൊഴിവാകണമെന്നും നോട്ടീസില്‍ പറയുന്നു.
കുറഞ്ഞത് രണ്ട് പ്രമുഖ പത്രങ്ങളിലെങ്കിലും ക്ഷമാപണം നടത്തണമെന്നും പ്രസിദ്ധീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്. അനധികൃത കുടിയേറ്റക്കാർ അപകടകാരികളായതിനാൽ ഡല്‍ഹിയിൽ എൻആർസി ആവശ്യമാണെന്ന് തിവാരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.അനധികൃത കുടിയേറ്റക്കാരിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ വേർതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻആർസി വികസിപ്പിച്ചിരിക്കുന്നത്.