ന്യൂഡല്‍ഹി:സമയോചിതമായ തീരുമാനം രാജ്യത്ത് കൊവിഡ് നിയന്ത്രിക്കാന്‍ സഹായിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 21 സംസ്ഥാനങ്ങളിലേയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരോടും ഭരണാധികാരികളോടും രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്‌താവന. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച നടത്തിയത്. അണ്‍ലോക്ക് -1 ആരംഭിച്ചിട്ട് രണ്ടാഴ്‌ച കഴിഞ്ഞിരിക്കുന്നുവെന്നും നിലവിലെ സാഹചര്യങ്ങളില്‍ നിന്നുള്ള വിലയിരുത്തലുകള്‍ ഭാവിയില്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങളില്‍ നിന്ന് താഴെക്കിടയിലുള്ള സാഹചര്യങ്ങള്‍ മനസിലാക്കുമെന്നും ലഭിക്കുന്ന നിര്‍ദേശങ്ങളിലൂടെ ഭാവിയിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ കഴിയുമെന്നും അദ്ദേഹം യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് നിയന്ത്രിക്കാന്‍ സമയോചിതമായ തീരുമാനം സഹായിച്ചെന്ന് പ്രധാനമന്ത്രി - Modi
രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി 21 സംസ്ഥാനങ്ങളിലേയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരോടും ഭരണാധികാരികളോടും ചര്‍ച്ച നടത്തി
ഏത് പ്രതിസന്ധിയെയും അതിജീവിക്കാന്‍ സമയബന്ധിതമായ കാര്യങ്ങള്‍ വളരെ പ്രധാനമാണ്. സമയോചിതമായി എടുത്ത തീരുമാനങ്ങള്‍ രാജ്യത്ത് കൊവിഡ് നിയന്ത്രിക്കാന്‍ വളരെയധികം സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആഴ്‌ചകളായി ആയിരക്കണക്കിന് ഇന്ത്യക്കാര്‍ വിദേശങ്ങളില്‍ നിന്ന് രാജ്യത്തെത്തി. അതേ സമയം നൂറു കണക്കിന് കുടിയേറ്റ തൊഴിലാളികളും സ്വദേശത്തെത്തി. ഗതാഗതം പുനരാരംഭിച്ചിട്ട് പോലും കൊവിഡ് ആഘാതം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വലുതായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ജൂണ്‍ 13ന് പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരോടും ഉന്നതോദ്യോഗസ്ഥരോടും ചര്‍ച്ച നടത്തിയിരുന്നു.
24 മണിക്കൂറിനിടെ 10,667 കൊവിഡ് കേസുകളും,380 മരണവുമാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,43,091 ആയി. ആരോഗ്യവകുപ്പിന്‍റെ കണക്കു പ്രകാരം 1,53,178 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 1,80,013 പേരാണ് ഇതുവരെ രോഗവിമുക്തി നേടി ആശുപത്രി വിട്ടത്. 9900 പേര്‍ ഇതിനോടകം കൊവിഡ് മൂലം മരിക്കുകയും ചെയ്‌തു.