കേരളം

kerala

ETV Bharat / bharat

" മോദി ഇന്ത്യയുടെ വിഭജന നായകൻ " വിവാദമായി ടൈം മാഗസിൻ ലേഖനം - modi

2014 ൽ മോദി ഇന്ത്യക്ക് മിശിഹയായിരുന്നു. ഭാവിയുടെ വാഗ്ദാനമായിരുന്നു. ഹിന്ദു നവോഥാന നായകനായിരുന്നു, സാമ്പത്തിക പരിഷ്കർത്താവായിരുന്നു. എന്നാലിന്ന് മോദി വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമാണ്,

ടൈം മാഗസിൻ

By

Published : May 11, 2019, 10:37 AM IST

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇന്ത്യയുടെ വിഭജന നായകനെന്ന് വിശേഷിപ്പിച്ച് അന്തർദേശീയ മാധ്യമം ടൈം മാസിക. അദ്ദേഹത്തിന്‍റെ മുഖചിത്രത്തോടെ മെയ് 20 ന് പുറത്തിറക്കിയ അന്താരാഷ്ട്ര എഡിഷന്‍റെ കവർ സ്റ്റോറിയിലാണ് വിവാദ പരാമർശം. അതേ സമയം ഇതേ ലക്കത്തിലെ മറ്റൊരു ലേഖനത്തിൽ നരേന്ദ്രമോദിയെ പരിഷ്കർത്താവെന്നും വിശേഷിപ്പിക്കുന്നുണ്ട്. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന് ഇനിയുമൊരു അഞ്ചുകൊല്ലം കൂടി മോദിയുടെ നേതൃത്വം താങ്ങാനാകുമോ?’ എന്ന തലക്കെട്ടിൽ ആതിഷ് തസീർ എന്ന മാധ്യമപ്രവർത്തകനാണ് ലേഖനം എഴുതിയത്.

2014 ൽ ജനങ്ങളുടെ ഭിന്നതകളെ ചൂഷണം ചെയ്ത് തനിക്കനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ മോദിക്കായി. എന്നാൽ 2019 ൽ തങ്ങളുടെ വിഷാദമകറ്റാൻ ഭിന്നതയിൽ തന്നെ അഭയംതേടാനാണ് മോദി ജനങ്ങളോട് ഉപദേശിക്കുന്നത്.
2014 ൽ മോദി ഇന്ത്യക്ക് മശിഹയായിരുന്നു. ഭാവിയുടെ വാഗ്ദാനമായിരുന്നു. ഹിന്ദു നവോഥാന നായകനായിരുന്നു, സാമ്പത്തിക പരിഷ്കർത്താവായിരുന്നു. എന്നാലിന്ന് മോദി വെറുമൊരു രാഷ്ട്രീയക്കാരൻ മാത്രമാണ്, വാഗ്ദാനങ്ങൾ പാലിക്കാത്ത അടുത്ത തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്ന നേതാവാണെന്നും ലേഖനം വിലയിരുത്തുന്നു.

2014 ൽ സാംസ്കാരിക വൈരുധ്യങ്ങളെ സാമ്പത്തിക പുരോഗതിയെന്ന വാഗ്ദാനത്തിലേക്ക് മാറ്റി. തൊഴിലവസരങ്ങളെപറ്റിയും വികസനത്തെപറ്റിയും സംസാരിച്ചു. അവിശ്വസനീയമെന്നു തോന്നുമെങ്കിലും 2014 ലെ തിരഞ്ഞെടുപ്പ് ഇന്ത്യക്ക് പ്രതീക്ഷയുടേതായിരുന്നു എന്നും തസീർ പറയുന്നു. അഞ്ചുവർഷ ഭരണത്തിൽ മോദിയുടെ സാമ്പത്തിക മന്ത്രങ്ങളൊന്നും ഫലിച്ചില്ലെന്നു മാത്രമല്ല മതദേശീയതയുടെ വിഷവിത്ത് രാജ്യത്തുടനീളം വിതയ്ക്കാനും അദ്ദേഹം സഹായിച്ചു. വികസനത്തിൽ നിന്നും ബഹുദൂരമകലെ സ്വന്തം സാമൂഹിക -മത ഭിന്നതകളിൽ ജീവിതം കഴിച്ചുകൂട്ടാനാണ് മോദിഭരണം ഇന്ത്യൻ ജനതയ്ക്ക് വഴികാട്ടിയതെന്നും തസീർ പറയുന്നു. ദുർബലമായ പ്രതിപക്ഷമുളളത് മേദിയുടെ ഭാഗ്യമാണ്. മോദിയെ തോൽപ്പിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത സംഘടിതമല്ലാത്ത ഒരു പ്രതിപക്ഷം. എങ്കിലും അദ്ദേഹത്തിന് വിജയിക്കാനാകുമോയെന്ന് സംശയമുണ്ട്. കാരണം മോദിക്കറിയാം അദ്ദേഹം 2014 ൽ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന്. തസീർ ലേഖനത്തില്‍ കൂട്ടിച്ചേർത്തു .

എന്നാൽ, ‘മോദി പരിഷ്കർത്താവ് ’ എന്ന ലേഖനത്തിൽ സാമ്പത്തിക ഉണർവിന്‍റെ പ്രതീക്ഷയായാണ് ലാൻ ബ്രമ്മർ മോദിയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിൽ ഇനിയും മാറ്റങ്ങൾ വേണം. അതിന് പറ്റിയ ആൾ മോദി തന്നെയാണ്. ചൈനയും ജപ്പാനും അമേരിക്കയുമായുളള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താൻ മോദിക്ക് കഴിഞ്ഞു. ജി.എസ്.ടിയും അടിസ്ഥാനസൗകര്യ വികസനത്തിനായി പണമൊഴുക്കിയതും ആധാർ വ്യാപകമാക്കിയതും പ്രധാന ഭരണനേട്ടമാണ്. ഇന്ത്യയെ സാമ്പത്തിക പുരോഗതിയിലേക്കു നയിക്കാനുതകുന്ന കരുത്ത് മോദിക്കുണ്ട്. വികസിത ഇന്ത്യക്ക് അടിയന്തരമായി വേണ്ട പരിഷ്കാരങ്ങൾ നടപ്പിലാക്കാനുളള പ്രാപ്തിയും മോദിക്ക് ഉണ്ടെന്നും ബ്രമ്മർ പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടുഘട്ടം ബാക്കിനിൽക്കെ പുറത്തിറങ്ങിയ ലേഖനങ്ങൾ ഇതിനോടകം തന്നെ വലിയ ചർച്ചയായിട്ടുണ്ട്.

ABOUT THE AUTHOR

...view details