ബീജിങ്ങ്: ഇന്ത്യയിൽ ചൈനീസ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ചൈനീസ് ടെക് ഭീമനായ യൂണികോൺ ബൈറ്റ്ഡാൻസ് ലിമിറ്റഡിന് ആറ് ബില്യൺ യുഎസ് ഡോളർ നഷ്ടമുണ്ടാകുമെന്ന് റിപ്പോർട്ട്. ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്ക് ഉൾപ്പെടെ ബൈറ്റ്ഡാൻസ് ലിമിറ്റഡിന്‍റെ മൂന്ന് ആപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമായ വിഗോ വീഡിയോ, സോഷ്യൽ നെറ്റ്‌വർക്കിങ്ങ് ആപ്ലിക്കേഷൻ ഹലോ എന്നിവയാണ് നിരോധിച്ച മറ്റ് ആപ്ലിക്കേഷനുകൾ.
ഇന്ത്യ നിരോധിച്ച മറ്റെല്ലാ ചൈനീസ് ആപ്ലിക്കേഷനുകൾക്കും ഉണ്ടായ നഷ്ടത്തേക്കാൾ അധികമാണ് ആറ് ബില്യൺ യുഎസ് ഡോളർ എന്ന് ചൈനയുടെ കൈക്സിംഗ്ലോബൽ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ടിക് ടോക്കിന്‍റെ ആഗോള വ്യാപനത്തിന് കനത്ത പ്രഹരമാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ചൈനയ്ക്ക് പുറത്തുള്ള ഉപയോക്താക്കളുടെ കണക്കിലെടുത്താൽ ഇന്ത്യ ഏറ്റവും വലിയ വിപണികളിലൊന്നാണ്.