ഡിജിറ്റല്‍ സ്ട്രൈക്കുമായി ഇന്ത്യ: ചൈനീസ് ആപ്പുകൾക്ക് നിരോധനം - tik tok ban in india news
20:48 June 29
59 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്.
ന്യൂഡല്‍ഹി:രാജ്യത്ത് ടിക് ടോക് ഉൾപ്പെടെ ഉള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചു. ഷെയർ ഇറ്റ്, എക്സെൻഡർ, യുസി ബ്രൗസർ, ഹലോ എന്നിവ ഉൾപ്പെടെ ഉള്ള ആപ്പുകളാണ് നിരോധിച്ചത്. അതിർത്തിയില്‍ ചൈനയുമായുള്ള സംഘർഷത്തിന് ശേഷമാണ് ഇന്ത്യയുടെ കടുത്ത നടപടി. ഐടി ആക്ട് 69 എഎ വകുപ്പ് പ്രകാരമാണ് ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയെയും ക്രമസമാധാന സംവിധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്ന് കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ആൻഡ്രോയിഡ് ഐഒഎസ് മൊബൈലുകളില്‍ നിന്ന് ഈ ആപ്ലിക്കേഷനുകളിലൂടെ വ്യക്തിഗത വിവരങ്ങൾ ഇന്ത്യയ്ക്ക് പുറത്തുള്ള സർവറിലേക്ക് ചോർത്തുന്നു എന്ന് നിരവധി പരാതികൾ ലഭിച്ചതായും കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ രംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഇന്ത്യയുടെ നടപടി. അതേസമയം, ഡാറ്റാ സുരക്ഷയുമായ ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിലും ഇതോടെ ആശങ്ക ഉയർന്നിട്ടുണ്ട്.