ന്യൂഡൽഹി: തിഹാർ ജയിലിനുള്ളിൽ തടവുകാരനെ സഹതടവുകാരൻ കുത്തിക്കൊലപ്പെടുത്തി. മുഹമ്മദ് മെഹ്‌താബ് എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 21കാരനായ സക്കീറിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.
തിഹാർ ജയിലിൽ തടവുകാരൻ കൊല്ലപ്പെട്ടു
കൊലപാതകം നടത്തിയ സഹതടവുകാരനെ അടുത്തിടെയാണ് കൊല്ലപ്പെട്ടയാളുടെ സെല്ലിലേക്ക് മാറ്റിയത്
തിഹാറിലെ 8/9 സെൻട്രൽ ജയിലിൽ വച്ച് സക്കീർ മൂർച്ചയുള്ള ലോഹവസ്തു കൊണ്ടാണ് മുഹമ്മദ് മെഹ്‌താബിനെ വയറിലും കഴുത്തിലും കുത്തി പരിക്കേൽപ്പിച്ചത്. അഞ്ചാമത്തെ ജയിലിൽ നിന്നും അടുത്തിടെയാണ് സക്കീറിനെ 8/9 ജയിലിലേക്ക് മാറ്റിയതെന്ന് ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ പറഞ്ഞു.
മെഹ്‌താബിന്‍റെ കഴുത്തിലെ മുറിവുകൾ ആഴമേറിയതായിരുന്നു. ജയിൽ ഡിസ്പെൻസറിയിൽ നിന്ന് പ്രഥമശുശ്രൂഷ നൽകി. പിന്നീട് ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. അംബേദ്കർ നഗറിൽ 2014ൽ നടന്ന ബലാത്സംഗക്കേസിൽ പ്രതിയായിരുന്നു മെഹ്‌താബ്. ജയ്ത്പൂരിൽ നിന്നുള്ള കൊലപാതക കേസ് പ്രതിയാണ് സക്കീർ. 2018 മുതൽ ജയിലിലെ അന്തേവാസിയാണ്.