ലക്നൗ:ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 11ആയി. പുതിയതായി 67 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 727 ആയി.
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതു വരെ 11 പേരാണ് മരിച്ചത്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങൾ ലക്നൗ, ആഗ്ര, കാൺപൂർ എന്നിവിടങ്ങളിൽ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ബാക്കിയുള്ള എട്ട് മരണങ്ങളിൽ മൂന്നെണ്ണം ആഗ്രയിൽ നിന്നും ബാക്കിയുള്ളവ ബസ്തി, മീററ്റ്, ബുലൻഷഹർ, വാരണാസി, മൊറാദാബാദ് എന്നിവിടങ്ങളിൽ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെയുള്ള 727 കേസുകളിൽ 55 രോഗികളാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടതെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. നിലവിൽ 10661 പേരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിൽ 46.5 ശതമാനം കേസുകളും 21-40 വയസിനിടയിലുള്ളവരിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 41-60 വയസ് വരെ പ്രായമുള്ളവരിലാണ് ബാക്കി 26 ശതമാനം കേസുകൾ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 0-20 വയസ് പ്രായമുള്ളവരിൽ 17 ശതമാനം കേസുകളാണുള്ളത്. 10.5 ശതമാനം കേസുകൾ 60 വയസ്സിനു മുകളിലുള്ളവരാണെന്നും പ്രസാദ് പറഞ്ഞു.
സംസ്ഥാനത്തെ ആകെ കൊവിഡ് -19 കേസുകളിൽ 619 എണ്ണം തിരിച്ചറിഞ്ഞ ഹോട്ട്‌സ്പോട്ടുകളിൽ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇൻഫർമേഷൻ ആന്‍റ് ഹോം അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി പറഞ്ഞു. ആകെ കേസുകളിൽ 58-60 ശതമാനം കേസുകളും തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്തവരുമായോ അവരുമായി ബന്ധമുള്ളവരുമായോ ബന്ധപ്പെട്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. രോഗം ബാധിച്ച് മരിച്ചവരിൽ കൂടുതലും പ്രായമായവരോ മറ്റ് രോഗങ്ങൾ ഉണ്ടായിരുന്നവരോ ആണെന്നും അദ്ദേഹം വ്യക്തമാക്കി.