റോഡരികിൽ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് കയറി; മൂന്ന് പേർ മരിച്ചു - ദേഹത്ത് ട്രക്ക് കയറി
ഉജ്ജെയിൻ ജില്ലയിലാണ് അപകടം നടന്നത്. രാജസ്ഥാനിൽ നിന്നും മധ്യപ്രദേശിലേക്ക് തിരിച്ചുവരികയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ മരിച്ചത്
ഭോപ്പാൽ: റോഡരികിൽ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് കയറി മൂന്ന് പേർ മരിച്ചു. ഉജ്ജെയിൻ ജില്ലയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. വിക്രം (55) ബദ്രി ബഞ്ചാര (35), ദുലിബായ് (55) എന്നിവരാണ് മരിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് രാജസ്ഥാൻ സർക്കാർ 12 തൊഴിലാളികളെ മധ്യപ്രദേശിലേക്ക് തിരിച്ചയച്ചു. മധ്യപ്രദേശ് അതിർത്തിയിൽ നിന്നും മോഹൻപുരയിലേക്ക് പോകാൻ ഇവർ മറ്റൊരു വാഹനത്തിൽ കയറി. മോഹൻപുരയിൽ നിന്നും 25 കിലോമീറ്റർ മാറിയാണ് ഇവർ ഇറങ്ങിയത്. രാത്രിയായതിനാൽ സംഘം റോഡരികിൽ കിടന്നുറങ്ങി. മൂന്ന് പേർ റോഡിനോട് ചേർന്നും മറ്റുള്ളവർ റോഡിൽ നിന്ന് മാറിയും കിടന്നുറങ്ങി. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരിച്ച മൂന്ന് പേരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചതായി ഉജ്ജെയിൻ കലക്‌ടർ ശശാങ്ക് മിശ്ര അറിയിച്ചു.