കേരളം

kerala

ETV Bharat / bharat

മൂന്ന് പതിറ്റാണ്ടുകളുടെ നീറുന്ന ഓര്‍മകളുമായി കശ്‌മീരി പണ്ഡിറ്റുകൾ - ജിഹാദി ഭീകതര

കശ്‌മീരി പണ്ഡിറ്റുകളെ സംബന്ധിച്ചിടത്തോളം ജനുവരി മാസം പതിറ്റാണ്ട് പഴക്കമുള്ള പേടി സ്വപ്‌നമാണ്. 1990 ജനുവരി 19 ന് ഇസ്ലാമിക ജിഹാദികൾ അവിടുത്തെ ന്യൂനപക്ഷമായ കശ്മീരി ഹിന്ദുക്കളെ ആക്രമിച്ചു. പലായനമല്ലാതെ ജീവൻ രക്ഷിക്കാൻ അവരുടെ മുന്നില്‍ മറ്റൊരു മാര്‍ഗമുണ്ടായിരുന്നില്ല.

Three decades on  exodus still haunts Kashmiri Pandits  Kashmiri Pandits  Mufti Mohammad Sayeed  കശ്‌മീരി പണ്ഡിറ്റുകൾ  ജിഹാദി ഭീകതര  കശ്‌മീര്‍ തീവ്രവാദം
ന്യൂഡല്‍ഹി

By

Published : Jan 19, 2020, 2:06 PM IST

ന്യൂഡല്‍ഹി: ജിഹാദി ഭീകരത മൂലം ജനിച്ച നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വന്നവരാണ് കശ്‌മീരി പണ്ഡിറ്റുകൾ. ഇവര്‍ സ്വന്തം മണ്ണായ കശ്‌മീര്‍ താഴ്‌വരയില്‍ നിന്നും പടിയിറക്കപ്പെട്ടിട്ട് ഇന്നേക്ക് കൃത്യം മൂന്ന് പതിറ്റാണ്ടുകൾ തികയുന്നു. വിവിധ സര്‍ക്കാരുകൾ മാറി മാറി അധികാരത്തിലെത്തിയെങ്കിലും ഇവര്‍ക്ക് ജന്മനാട്ടിലേക്ക് തിരിച്ചുവരവിനൊരു അവസരം ഒരുക്കി കൊടുക്കാൻ കഴിഞ്ഞിട്ടില്ല. നാടുകടത്തപ്പെട്ട കശ്‌മീരി ഹിന്ദുക്കൾ ഇന്നും സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹത്തോടെ കാത്തിരിക്കുന്നവരാണ്. മുപ്പത് കൊല്ലം പിന്നിടുമ്പോഴും, 1989-90 കാലഘട്ടത്തില്‍ കശ്‌മീരി പണ്ഡിറ്റുകളുടെ അവസ്ഥ എന്തായിരുന്നോ അതില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും ഇന്നും അവര്‍ക്കുണ്ടായിട്ടില്ല.

ഓരോ പുതുവർഷവും ലോകത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നതാണ്. എന്നാല്‍ കശ്‌മീരി പണ്ഡിറ്റുകളെ സംബന്ധിച്ചിടത്തോളം ജനുവരി മാസം പതിറ്റാണ്ട് പഴക്കമുള്ള പേടി സ്വപ്‌നമാണ്. 1990 ജനുവരി 19 ന് ഇസ്ലാമിക ജിഹാദികൾ അവിടുത്തെ ന്യൂനപക്ഷമായ കശ്മീരി ഹിന്ദുക്കളെ ആക്രമിച്ചു. ഒന്നുകില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക അല്ലെങ്കില്‍ നാടും വീടും ഉപേക്ഷിച്ച് പോവുക ഇത് മാത്രമായിരുന്നു അന്ന് കശ്മീരി ഹിന്ദുക്കൾക്ക് മുന്നിലുണ്ടായിരുന്ന മാര്‍ഗങ്ങൾ.

തീവ്രവാദികൾ നൂറോളം കശ്‌മീരികളെ കൊന്നു. സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തു. ഹിന്ദുക്കളുടെ വീടുകളിൽ നിന്ന് ആളുകളെ തട്ടിക്കൊണ്ടുപോകലും വീടുകൾക്ക് നേരെയുള്ള ആക്രമണങ്ങളും നിത്യസംഭവങ്ങളായിരുന്നു. പൊലീസോ ഭരണകൂടമോ ഇവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനോ സഹായിക്കാനോ എത്തിയില്ല. എന്തിനേറെ ആശുപത്രികളില്‍ പോലും ഹിന്ദുക്കൾ ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടി. തെരുവുകളിലും സ്കൂളുകളിലും കോളജുകളിലും ഓഫീസുകളിലും വരെ ന്യൂനപക്ഷങ്ങൾ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു.

1990 ജനുവരി 19ന് അന്നത്തെ ഗവർണർ ജഗ്‌മോഹൻ സൈന്യത്തെ കശ്‌മീര്‍ താഴ്‌വരയിലേക്ക് അയച്ചില്ലായിരുന്നെങ്കിൽ കശ്മീരി പണ്ഡിറ്റുകൾ കൂട്ടക്കൊല ചെയ്യപ്പെടുമായിരുന്നു. അതിര്‍ത്തി കടന്നുവന്ന വീര്യം കൂടിയ തീവ്ര ഇസ്ലാം സ്വാധീനമാണ് കാശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരായ സംഘടിത നീക്കങ്ങള്‍ക്ക് പ്രേരണയായത്. അന്ന് പള്ളികളുടെ ഉച്ചഭാഷിണികളിൽ നിന്ന് മുഴങ്ങിയിരുന്ന മുദ്രാവാക്യങ്ങൾ "കാഫിറോ കോ മരോ" (പുറത്തുനിന്നുള്ളവരെ കൊല്ലുക), "യഹാൻ നിസാം-ഇ-മുസ്തഫ ചാലേഗ" (കശ്മീരിൽ ഞങ്ങൾക്ക് വേണ്ടത്, അല്ലാഹുവിന്‍റെ ഭരണമാണ്), "ഞങ്ങൾക്ക് പണ്ഡിറ്റ് സ്ത്രീകളുള്ള കശ്മീർ വേണം , പണ്ഡിറ്റ് പുരുഷന്മാരെയല്ല " എന്നിങ്ങനെയായിരുന്നു.

ഹിന്ദുക്കളെ ഉൻമൂലനം ചെയ്യാൻ ലക്ഷക്കണക്കിന് കശ്‌മീരി മുസ്ലീങ്ങൾ തെരുവിലിറങ്ങി. ഒടുവില്‍ സൈന്യത്തിന് ന്യൂനപക്ഷത്തിന്‍റെ രക്ഷയ്‌ക്കെത്തേണ്ടിവന്നു. മറ്റ് നഗരങ്ങളിലേക്ക് കുടിയേറുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതെ കശ്മീർ ഹിന്ദുക്കൾക്ക് മുന്നിലുണ്ടായിരുന്നു. ലക്ഷക്കണക്കിന് കശ്മീർ പണ്ഡിറ്റുകൾ ജമ്മു, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് പലായനം ചെയ്‌തു. അന്നത്തെ കേന്ദ്ര സര്‍ക്കാരിന് പോലും കശ്മീരി ഹിന്ദുക്കൾക്കായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 1989-90 കാലഘട്ടത്തിൽ മുന്നൂറിലധികം ഹിന്ദുക്കൾ കൊല്ലപ്പെട്ടുവെന്ന് കശ്മീർ പണ്ഡിറ്റുകൾ പറയുന്നു. 1990 നുശേഷവും കൂട്ടക്കൊല തുടർന്നു. 1998 ജനുവരി 26ന് ഗന്ധർബാൽ ജില്ലയിലെ വന്ധാമ പ്രദേശത്ത് 23 കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടു. ഇത്രയേറെ അതിക്രമങ്ങൾ കശ്മീർ പണ്ഡിറ്റുകൾക്ക് നേരെയുണ്ടായിട്ടും മിക്ക കേസുകളിലും പൊലീസ് കേവലമൊരു എഫ്‌ഐആർ പേലും രജിസ്റ്റർ ചെയ്തിട്ടില്ല. പലായനത്തിന് ശേഷവും കശ്മീർ പ ണ്ഡിറ്റുകളുടെ നിരവധി വീടുകൾ കവര്‍ച്ച ചെയ്യപ്പെടുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്‌തു. ഒന്നിനും ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.

ജസ്റ്റിസ് നീൽകാന്ത് ഗഞ്ചൂ, ടെലികോം എഞ്ചിനീയർ ബാൽകൃഷ്ണ ഗഞ്ചൂ, ദൂരദർശൻ ഡയറക്ടർ ലസ്സ കൗൾ, രാഷ്ട്രീയ നേതാവ് ടിക്കലാൽ തപ്‌ലൂ തുടങ്ങിയവർ ക്രൂരമായി തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗിരിജ ഗഞ്ചൂ, സർല ഭട്ട് എന്നിവരെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ഇത്തരം നിരവധി കേസുകളില്‍ ഇന്നും ആക്രമിക്കപ്പെട്ടവര്‍ക്ക് നീതി ലഭിച്ചിട്ടില്ല.

കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല, മെഹബൂബ മുഫ്തി, അന്തരിച്ച മുഫ്തി മുഹമ്മദ് സയീദ് എന്നിവർ ഒരിക്കലും കശ്മീർ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സംസാരിച്ചിട്ടില്ല. അവരെ ജന്മനാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനായി ഒരു നേതാവും ശ്രമിച്ചിട്ടില്ല. കശ്മീരി പണ്ഡിറ്റുകൾ അതിക്രൂതമായി ആക്രമിക്കപ്പെട്ടപ്പോൾ ഫാറൂഖ് അബ്ദുല്ലയായിരുന്നു ജമ്മു കശ്മീർ മുഖ്യമന്ത്രി. മുഫ്തി മുഹമ്മദ് സയീദ് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. ജിഹാദികൾ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണമോ ഉന്നതതല സമിതി രൂപീകരിച്ചുള്ള അന്വേഷണമോ നടത്താത്തിരുന്നതിനെ നിർഭാഗ്യകരമെന്നല്ലാതെ പറയാനാവില്ല.

മൂന്ന് പതിറ്റാണ്ടിനിപ്പുറവും നീതി ലഭിക്കുമെന്ന ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരാണ് കശ്‌മീരി പണ്ഡിറ്റുകൾ. ജൻമനാട്ടിലേക്കുള്ള മടക്കയാത്ര അവര്‍ക്ക് ഇന്നും വിദൂര സ്വപ്‌നമായി നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

ABOUT THE AUTHOR

...view details