ലഖ്‌നൗ:ഭാരതീയ ജനതാ പാർട്ടിയുടെ മൂന്ന് എംഎൽഎമാരുമായി വികാസ് ദുബെക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതായി ദുബെയുടെ സഹായി കാൺപൂർ സ്വദേശിയായ വ്യവസായി ജയ് ബാജ്‌പേ. എന്നാൽ നിയമസഭാംഗത്തിന്‍റെ പേര് വെളിപ്പെടുത്താൻ ബാജ്‌പേ തയാറായില്ല.
തിങ്കളാഴ്ച ജയിലിലേക്ക് കൊണ്ട് പോകുമ്പോഴാണ് ജയ് ബാജ്‌പേയി ഇടിവി ഭാരതിനോട് ഇക്കാര്യം പറഞ്ഞത്. ബിക്രു ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിൽ എട്ട് പൊലീസുകാരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉപയോഗിച്ച ആയുധങ്ങൾ ദുബെക്ക് കൈമാറിയ കേസില്‍ ഞായറാഴ്ച രാത്രിയാണ് ഇയാൾ അറസ്റ്റിലായത്.
ദുബെയുടെ അടുത്ത അനുയായി എന്ന് കരുതപ്പെടുന്ന അമിത് ദുബെ എന്ന വ്യക്തിയെ തിങ്കളാഴ്ച ഉത്തർപ്രദേശിലെ മഥുരയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.ജൂലൈ 10 ന് ഉജ്ജൈനിൽ നിന്ന് കാൺപൂരിലേക്ക് പോയ പൊലീസ് വാഹനം അപകടത്തിൽ പെടുകയും തുടര്‍ന്ന് വാഹനത്തില്‍ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് ഗുണ്ടാതലവൻ വികാസ് ദുബെയെ പൊലീസ് കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ ദുബെ സംഘത്തിലെ അഞ്ച് പേർ മറ്റൊരു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.
ജൂലൈ മൂന്നിന് കാൺപൂരിൽ നടന്ന ഏറ്റുമുട്ടലിൽ ദുബെയുടെ രണ്ട് കൂട്ടാളികളായ പ്രേം പ്രകാശ് പാണ്ഡെ, അതുൽ ദുബെ എന്നിവരെ പൊലീസ് കൊലപ്പെടുത്തി. തുടര്‍ന്ന് ജൂലൈ എട്ടിന് മദാഹ ഗ്രാമത്തിൽ വെച്ച് മറ്റൊരു കൂട്ടാളി അമർ ദുബെയെ പൊലീസ് കൊലപ്പെടുത്തി. ജൂലൈ ഒമ്പതിന് വികാസ് ദുബെയുടെ രണ്ട് സഹായികളെ കൂടി കാൺപൂർ, ഇറ്റാവ ജില്ലകളിൽ നടന്ന രണ്ട് ഏറ്റുമുട്ടലില്‍ പൊലീസ് കൊലപ്പെടുത്തുകയായിരുന്നു.
കാൺപൂരിലെ ചൗബേപൂരിലെ ബിക്രു ഗ്രാമത്തിൽ ജൂലൈ മൂന്ന് അർധരാത്രിയിലാണ് അറസ്റ്റ് ചെയ്യാൻ എത്തിയ ഡിഎസ്‌പി ദേവേന്ദ്ര മിശ്ര ഉൾപ്പെടെ എട്ട് പൊലീസുകാരെ ദുബെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തിയത്.