ജനാധിപത്യ സൂചികയിൽ ഇന്ത്യ പിന്നിൽ; എൻഡിഎ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്
ഡെമോക്രസി ഇൻഡെക്സ് 2019ൽ ഇന്ത്യ 10 സ്ഥാനങ്ങൾ മാറി 51-ാം സ്ഥാനത്താണ്.
ന്യൂഡൽഹി:ജനാധിപത്യ സൂചികയിൽ ഇന്ത്യ പത്ത് സ്ഥാനം പിന്നിലെത്തിയതിൽ എൻഡിഎ സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്.
കഴിഞ്ഞ രണ്ട് വർഷത്തെ സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാകുകയും ജനാധിപത്യ സ്ഥാപനങ്ങൾ ബലഹീനമാകുകയും ചെയ്തതായി കാണാമെന്ന് മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം പറഞ്ഞു. സമകാലിക ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ ലോകരാഷ്ട്രങ്ങളും രാജ്യസ്നേഹിയായ ഓരോ ഇന്ത്യക്കാരനും ആശങ്കാകുലരാണെന്നും ബിജെപിയെ വിമർശിച്ച ചിദംബരം ട്വീറ്റിൽ പറഞ്ഞു.
ഡെമോക്രസി ഇൻഡെക്സ് 2019ൽ ഇന്ത്യ 10 സ്ഥാനങ്ങൾ മാറി 51-ാം സ്ഥാനത്താണ്. വാർത്താ-പൊതുകാര്യ പ്രസിദ്ധീകരണമായ ദി ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് വർഷം തോറും പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്.