ചെന്നൈ:തൂത്തുക്കുടി ജില്ലയിൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ജയരാജിന്‍റെയും മകൻ ജെ ബെനിക്സിന്‍റെയും കുടുംബത്തിന് 25 ലക്ഷം രൂപ അധികമായി നൽകുമെന്ന് എ.ഐ.എ.ഡി.എം.കെ പ്രഖ്യാപിച്ചു.
എ.ഐ.എ.ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ കൈമാറിയ 20 ലക്ഷം രൂപക്ക് പുറമേയാണ് ഈ തുക അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി നൽകുന്നതെന്ന് എ.ഐ.എ.ഡി.എം.കെ പാർട്ടി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ദുരിതബാധിതരായ കുടുംബത്തിന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ച നഷ്ടപരിഹാരം മന്ത്രി സി. രാജു ഇന്നലെ കളക്ടർ സന്ദീപ് നന്ദൂരിയോടൊപ്പം ചേർന്ന് കുടുംബത്തിന് കൈമാറി.
അതേസമയം പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ 25 ലക്ഷം രൂപ ദുരിതമനുഭവിക്കുന്ന കുടുംബത്തിന് കൈമാറിയിരുന്നു. ദുഖിതരായ കുടുംബാംഗങ്ങളെ സന്ദർശിച്ച് എംപി കനിമൊഴി 25 ലക്ഷം രൂപ ചെക്ക് കൈമാറി. പാർട്ടിയുടെ പൂർണ പിൻതുണ കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തു. അതേസമയം, അച്ഛന്‍റെയും മകന്‍റെയും കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തൂത്തുക്കുടി പൊലീസ് സൂപ്രണ്ട് ജൂൺ 26 ന് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിൽ സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിച്ചു. പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഹാജരായ എസ്പി പറഞ്ഞു.
പി. ജയരാജ് (59), മകൻ ജെ ബെനിക്സ് (31) എന്നിവരെ ജൂൺ 19 ന് അറസ്റ്റുചെയ്ത് കോവൻപട്ടി സബ് ജയിലിൽ പാർപ്പിച്ചിരുന്നു. ജൂൺ 22 നാണ് ജയരാജിനെയും ബെനിക്സിനെയും കോവിൽപട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് രാത്രി തന്നെ മകൻ മരിക്കുകയും ജൂൺ 23 ന് രാവിലെ പിതാവും മരിക്കുകയുമാണുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് സീനിയർ ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തതായും ജയിലിലെ രണ്ട് ചീഫ് ഗാർഡുകൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.