മോദിയുടെ പേരുള്ള എല്ലാവരും കള്ളന്മാരെന്ന പരാമര്‍ശത്തില്‍ കുറ്റം നിഷേധിച്ച് രാഹുല്‍ ഗാന്ധി - കുറ്റം നിഷേധിച്ച് രാഹുല്‍ ഗാന്ധി
ക്രിമിനൽ മാനനഷ്ടക്കേസിൽ കുറ്റം നിഷേധിച്ച് രാഹുല്‍ ഗാന്ധി. മോദിയുടെ കുടുംബപ്പേര് എല്ലാ കള്ളന്മാരും പങ്കിടുന്നുവെന്ന പ്രസ്താവന തെറ്റല്ലെന്നും രാഹുല്‍ ഗാന്ധി കോടതിയില്‍.
സൂററ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന് സൂചിപ്പിച്ച് നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരായി. പരമാര്‍ശം കുറ്റമായി തോന്നുന്നില്ലെന്ന് രാഹുല്‍ഗാന്ധി കോടതിയോട് പറഞ്ഞു. എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുണ്ടന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ വിവാദ പരാമര്‍ശം.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ബി എച്ച് കപാഡിയയ്ക്ക് മുമ്പാകെയാണ് രാഹുല്‍ഗാന്ധി ഹാജരായത്. സുററ്റ് -വെസ്റ്റ് ബിജെപി നേതാവ് പൂര്‍ണേഷ് മോദി സമര്‍പ്പിച്ച ഹര്‍ജിയില്‍ കുറ്റം സമ്മതിക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. തുടര്‍ന്ന് അടുത്ത ഹിയറിംഗുകളിൽ വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് സ്ഥിരമായ ഇളവ് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ അഭിഭാഷകർ കോടതിയില്‍ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇളവ് അപേക്ഷയിൽ മോദിയുടെ അഭിഭാഷകർ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് ഡിസംബർ 10 ന് ഹര്‍ജി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.എന്നാല്‍ അടുത്ത ഹിയറിങില്‍ രാഹുല്‍ ഗാന്ധി ഹാജരാകേണ്ട ആവശ്യമില്ലെന്നും കോടതി അറിയിച്ചു. ലോക സഭ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മുഴുവൻ മോദി കുടുംബങ്ങളെയും രാഹുല്‍ ഗാന്ധി തന്‍റെ പരാമര്‍ശം കൊണ്ട് തരംതാഴ്ത്തിയെന്നാരോപിച്ചായിരുന്നു കേസ്. കര്‍ണാടകയിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു രാഹുലിന്‍റെ വിവാദമായ പരാമര്‍ശം. 'കള്ളന്മാരുടെ എല്ലാം പേരില്‍ മോദിയുണ്ട് .നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി... ഇനിയും എത്ര മോദിമാരുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നതായിരുന്നു നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശം.