ഹൈദരാബാദ്: മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളായവരിൽ പതിനഞ്ച് ശതമാനം പേരും അഴിമതിക്കേസുകളില്‍പ്പെട്ടവരും എൻസിപി - കോൺഗ്രസ് പാളയത്തിൽ നിന്ന് കൂറുമാറിയവരുമായിരുന്നു.
ബിജെപിയെ പിന്തുണയ്ക്കുന്നവരിൽ നിന്നും പാർട്ടിയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഇതിനെതിരെ ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിൽ, മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവ് റാവുസാഹിബ് ദാൻവേ ഒരു പ്രസ്താവന നടത്തി. ബിജെപിക്ക് ഒരു വാഷിങ് മെഷീനുണ്ടെന്നാണ് തെരഞ്ഞെടുപ്പു റാലിക്കിടെ അദ്ദേഹം പറഞ്ഞത്. "പാർട്ടിയിലേക്ക് വ്യക്തികളെ പ്രവേശിപ്പിക്കും മുമ്പ്, അവരെ ഞങ്ങൾ ഗുജറാത്തിലെ നിർമ്മ പൗഡർ ഉപയോഗിച്ച് വാഷിങ് മെഷീനിൽ കഴുകി ശുദ്ധമാക്കും".
ഗുജറാത്തിൽ വേരുകളുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പരോക്ഷമായി പരാമർശിച്ച് കൊണ്ടായിരുന്നു ദാൻവെയുടെ പ്രസ്താവന. പക്ഷെ, ബിജെപിയുടെ മെഷീനും പൗഡറും വാചകക്കസർത്തുമൊക്കെ എപ്പോഴും വിലപ്പോവില്ലെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾ വോട്ടുചെയ്ത് തെളിയിച്ചു. ശിവസേനയുമായി കൂട്ടുകൂടാനോ 145 സീറ്റുകൾ നേടാനോ ബിജെപിക്കായില്ല. എൻസിപി - കോൺഗ്രസ് - ശിവസേന ക്യാമ്പിൽ നിന്നെത്തിയ എംഎൽഎമാരുടെ പിന്തുണയാർജിക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞില്ല.
220ലേറെ സീറ്റുകളിൽ വിജയിച്ചതിന്‍റെ ആത്മവിശ്വാസവുമായി ദേവേന്ദ്ര ഫഡ്നാവിസ് എൻസിപി - കോൺഗ്രസ് സഖ്യത്തെ കളിയാക്കിപ്പറഞ്ഞിരുന്നത്, തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്രയിൽ പ്രതിപക്ഷം ഉണ്ടാകില്ലെന്നായിരുന്നു. വിരോധാഭാസമെന്ന് തോന്നുമെങ്കിലും, സംഭവിച്ചത് മറ്റൊന്നാണ്. നിലവില്‍ മഹാരാഷ്‌ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവാണ് ഫഡ്‌നാവിസ്.
പ്രതിപക്ഷമെന്ന നിലയിൽ തോൽവി രുചിച്ച ബിജെപി, പിന്നീട് ആദർശ തത്വങ്ങളിൽ അധിഷ്ഠിതമായ വൈകാരിക വിഷയങ്ങൾ ഉയർത്തിക്കാട്ടി ശിവസേന - എൻസിപി - കോൺഗ്രസ് സർക്കാരിന്‍റെ തകർച്ചക്ക് പാതയൊരുക്കാനുള്ള ശ്രമം തുടര്‍ന്നു.
പക്ഷേ ബിജെപി കണക്കുകൂട്ടിയ തരത്തിൽ അൽപ്പായുസായിരുന്നില്ല താക്കറെ സർക്കാരിന്. അതിനു പിന്നിലെ ശക്തികേന്ദ്രം ശരദ് പവാർ തന്നെയാണ് എന്നതാണ് വാസ്തവം. മുന്‍പ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഫഡ്നാവിസ് പറഞ്ഞത് പവാറിന് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം ആളുകൾ വിരമിക്കുന്നത് സാധാരണമായതുകൊണ്ട് പവാറിനും കെട്ടുകെട്ടാനുള്ള സമയമായി എന്നായിരുന്നു ഫഡ്നാവിസിന്‍റെ പരാമർശം.
പാകിസ്ഥാൻ സന്ദർശനത്തിൽ തനിക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തെ പുകഴ്ത്തിക്കൊണ്ട് പവാർ സംസാരിച്ചതിനെ തെരഞ്ഞെടുപ്പുറാലിക്കിടെ നരേന്ദ്ര മോദി രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ബിജെപി അധ്യക്ഷൻ അമിത് ഷായുടെ വാക്കുകളാണ് പവാറിനെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കിയത്. ഞങ്ങൾ വാതിലുകൾ തുറന്നിട്ടാൽ, പവാറൊഴികെ എൻസിപിയിലെ എല്ലാവരും തന്നെ ബിജെപിയിലേക്ക് പ്രവേശിക്കുമെന്ന അമിത് ഷായുടെ പ്രസ്‌താവന പവാറിന് താങ്ങാവുന്നതിനും അപ്പുറമായി.
തെരഞ്ഞെടുപ്പു ഫലം പക്ഷെ ബിജെപിയുടെ പ്രതീക്ഷകൾ ഊതിക്കെടുത്തി. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തന്നെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയതിന് പവാർ ബിജെപിക്ക് നന്ദിയും പറഞ്ഞു.
പവാറിന്‍റെ ശക്തി തിരിച്ചറിഞ്ഞ മോദി അടവ് മാറ്റി. പാർലമെന്‍റിന്‍റെ നടുത്തളത്തിൽ ഇറങ്ങി നിന്ന് സഭാനടപടികൾ തടസപ്പെടുത്താത്തതിന്, എൻസിപിയെ പവാറിന്‍റെ സാന്നിധ്യത്തിൽത്തന്നെ മോദി അഭിനന്ദിച്ചു. നവംബർ 20ന് ഇരുനേതാക്കളും 40 മിനിറ്റ് നേരം ചർച്ചയും നടത്തി. നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിക്കാൻ ഇരുവരും ശ്രമിക്കുന്നുണ്ട് എന്നതിന് തെളിവായി ഈ സംഭവവികാസങ്ങൾ.
അധികാരയുദ്ധക്കളത്തിലെ പഴയ പടക്കുതിരയായ പവാറിന്, വ്യക്തിബന്ധത്തേക്കാൾ ശക്തി അധികാരത്തിനാണെന്ന് നന്നായറിയാം. അതുകൊണ്ടുതന്നെയാണ് എൻസിപിയിൽ വിള്ളലുണ്ടാക്കി ബിജെപി - എൻസിപി സർക്കാരുണ്ടാക്കാമെന്ന പവാറിന്‍റെ മരുമകൻ അജിത് പവാറിന്‍റെ നീക്കങ്ങൾ ശരദ് പവാർ മുളയിലേ നുള്ളിയത്.
പവാറിന്‍റെ മകൾ സുപ്രിയ സുലേയ്ക്കു കീഴിൽ പ്രവർത്തിക്കുന്നതിൽ നാണക്കേട് തോന്നിയ അജിത്, നവംബർ 23ന് വിമത വീക്കം നടത്തി. പാളിപ്പോയ ആ നീക്കത്തിനൊടുവിൽ അജിത് എൻസിപിയിലേക്ക് തിരികെ ചേക്കേറി. അജിത്തിനോട് ശരദ് പവാർ തൽക്കാലത്തേക്ക് ക്ഷമിച്ചതിന് പിന്നിലും രാഷ്ട്രീയ കൗശലം തന്നെ.
കേന്ദ്രത്തിന്‍റെ രാഷ്ട്രീയ കുടിപ്പകയിലൂന്നിയ നീക്കങ്ങളെക്കുറിച്ച് പവാറിന് നന്നായറിയാം. തക്കതായ അവസരത്തിൽ പവാർ കൃത്യതയോടെ കരുക്കൾ നീക്കുമെന്നുറപ്പാണ്. താൽക്കാലിക സൗഹൃദവും ക്ഷമാശീലവും നിശബ്ദതയുമൊക്കെ ഈ കരുനീക്കത്തിന്‍റെ മുന്നോടിയാണ്.
പരമ്പരാഗത എതിരാളികളായ എൻസിപിയും കോൺഗ്രസും കൂട്ടുചേർന്നതോടെ, എൻസിപി - കോൺഗ്രസ് വിരുദ്ധ വോട്ടുകളുടെ അവകാശിയായി ബിജെപി മാറിക്കഴിഞ്ഞു. കാവിപ്പടയ്ക്ക് ചൂട്ടുപിടിച്ച് വെളിച്ചം നൽകി മുന്നോട്ടു നയിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ഹിന്ദുത്വ സംഘങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ എൻസിപി - കോൺഗ്രസ് സഖ്യം ശിവസേനയുമായി സീറ്റു പങ്കിടുമോ എന്നതാണ് സേനയിൽ ഇപ്പോൾ ഉയരുന്ന ചോദ്യം.
ഹിന്ദുത്വ പാർട്ടികളായ ബിജെപിയുടെയും ശിവസേനയുടെയും ഇടയിലുണ്ടായിരുന്ന ഉരസലിന് പരിഹാരം കാണാൻ ആർ.എസ്.എസ് രംഗപ്രവേശം ചെയ്തിരുന്നു. ഇതിനെത്തുടർന്ന്, അഞ്ചു വർഷക്കാലം നീളുന്ന ഭരണത്തിന്‍റെ രണ്ടാംപകുതിയിൽ മുഖ്യമന്ത്രിക്കസേര തങ്ങൾക്കു വേണമെന്ന ആവശ്യം പിൻവലിക്കാൻ ശിവസേന തയ്യാറായി. ഇതിന് രണ്ട് ഉപാധികൾ ശിവസേന മുന്നോട്ടുവെക്കുകയും ചെയ്തു. എൻഡിഎയുടെ മുഖ്യമന്ത്രിയായി ഇപ്പോഴത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരി വരണം.