അഗര്‍ത്തല: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നടന്നുവന്നിരുന്ന ത്രിപുരയിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു. വിവിധ സംഘടന നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. ത്രിപുരയില്‍ വിവിധ സംഘടനകള്‍ സംയുക്തമായാണ് ബില്‍ നടപ്പിലാക്കുന്നതിനെതിരെ പ്രതിഷേധം നടത്തിയിരുന്നത്. അമിത് ഷായിൽ നിന്ന് സമരക്കാര്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചതായി നേതാക്കൾ പറഞ്ഞു.
പൗരത്വ ഭേദഗതി ബില്‍; അമിത് ഷായുടെ ഉറപ്പില്‍ ത്രിപുരയില്‍ പ്രതിഷേധം അവസാനിപ്പിച്ചു - അഗര്‍ത്തല
അമിത് ഷായിൽ നിന്ന് സമരക്കാര്‍ ഉന്നയിച്ച ആശങ്കകളുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിച്ചതായി നേതാക്കൾ പറഞ്ഞു
എന്നാൽ മേഘാലയയിലും അസമിലും പ്രതിഷേധം കനക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന ഗുവാഹത്തിയിലും ദിബ്രുഗഡിലും അക്രമസംഭവങ്ങള്‍ തുടരുകയാണ്. നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയത് സംസ്ഥാനങ്ങളില്‍ ആശയവിനിമയത്തിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
ബന്ദിന് സമാനമായ സാഹചര്യമായതിനാല്‍ ഗുവാഹത്തിയില്‍ നടക്കേണ്ട ഐഎസ്എല്‍, രഞ്ജി ട്രോഫി മത്സരങ്ങള്‍ മാറ്റിവച്ചു. പ്രതിഷേധം ശക്തമായതോടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനവാള്‍ രംഗത്തെത്തി. സംഘര്‍ഷസ്ഥിതി തുടരുന്നതിനിടെ വടക്കുകിഴക്കന്‍ പൊലീസ് അക്കാദമിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച ഷില്ലോങ്ങിലെത്തും. അസമിന് പുറമേ മേഘാലയയിലും 48 മണിക്കൂര്‍ ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.