ഹൈദരാബാദ്:പരിഹാസ കഥാപാത്രമാകുക എന്നത് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് പുതിയ കാര്യമല്ല. യുക്തിസഹമല്ലാത്ത കാര്യങ്ങൾ ലോകത്തോട് വിളിച്ചുപറയുന്നതില്‍ ട്രംപിനോളം മിടുക്ക് നിലവില്‍ ഒരു രാജ്യത്തലവനും പ്രകടിപ്പിക്കുന്നുമില്ല. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യത്തിന്‍റെ പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഇന്ത്യയിലേക്ക് വരുമ്പോൾ ആഗോള മാധ്യമങ്ങൾ പ്രതീക്ഷയോടെയാണ് ആ യാത്രയെ വീക്ഷിച്ചത്. ട്രംപിന് ഒരു വിദേശരാജ്യത്ത് ലഭിച്ച ഏറ്റവും മികച്ച സ്വീകരണമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ അഹമ്മദാബാദില്‍ ഇന്ത്യ നല്‍കിയ സ്വീകരണത്തെ വിശേഷിപ്പിച്ചത്. വിമാനത്താവളത്തില്‍ എല്ലാ പ്രോട്ടോക്കോളും മറികടന്ന് നരേന്ദ്രമോദി ട്രംപിനെയും കുടുംബത്തെയും സ്വീകരിച്ചതും സബർമതി ആശ്രമ സന്ദർശനവുമെല്ലാം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. സബർമതി ആശ്രമത്തിലെ സന്ദർശക രജിസ്റ്ററില്‍ ഏറ്റവും അടുത്ത സുഹൃത്തായ നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പിനെ പരിഹസിക്കുന്നതാണ് 'ദ ടെലഗ്രാഫ്' പത്രത്തിന്‍റെ പ്രധാന വാർത്തകളിലൊന്ന്. ട്രംപ് ഇന്ത്യയിലെത്തുമ്പോൾ രാജ്യതലസ്ഥാനത്തുണ്ടായ സംഘര്‍ഷങ്ങളാണ് അമേരിക്കൻ മാധ്യമങ്ങൾ പ്രധാന വാർത്തയാക്കിയത്.
ട്രംപ് ഇന്ത്യയില്‍; വിമർശനവും പരിഹാസവുമായി മാധ്യമങ്ങൾ - ട്രംപ് ഇന്ത്യയില്‍
ട്രംപ് ഇന്ത്യയിലെ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾ കണ്ടില്ലെന്ന് മാധ്യമങ്ങൾ വിമർശിച്ചു. ഒപ്പം പ്രസംഗത്തിലെ പാളിച്ചകളില്‍ സാമൂഹിക മാധ്യമങ്ങളും ആഘോഷമാക്കി
ഇന്ത്യയുടെ ഐക്യവും സഹിഷ്ണുതയും മഹത്വവല്‍ക്കരിച്ച ട്രംപ്, ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ മറന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മോദിയുടേയും ട്രംപിന്‍റെയും നിലപാടുകളിലെ സാമ്യതയുടെ തെളിവാണ് അഹമ്മദാബാദിലെ മൊട്ടേറ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ വ്യക്തമായതെന്നും ആൾക്കൂട്ടത്തെ ഇഷ്‌ടപ്പെടുന്ന ട്രംപിന് അത് സന്തോഷം നല്‍കുമെന്നും പ്രസംഗം പൂർത്തിയാകുന്നതിന് മുൻപ് ആൾക്കൂട്ടം സ്റ്റേഡിയം വിട്ടുപോയിത്തുടങ്ങിയെന്നും ന്യൂ യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തു. അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളായ ബ്ലൂംബെർഗും ഫോക്സ് ന്യൂസും ട്രംപിന്‍റെ ഇന്ത്യ സന്ദർശനത്തെ ഡല്‍ഹിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെടുത്തി. ട്രംപിനെ ഇന്ത്യ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചു. വന്‍ റാലിയും, നിരവധി പരിപാടികളും സംഘടിപ്പിച്ചു. എന്നാല്‍ ഇതിനെയെല്ലാം അസ്ഥാനത്താക്കുന്നതാണ് ഡല്‍ഹിയിലെ സംഘര്‍ഷമെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. മതത്തിന്‍റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള ഇന്ത്യാ സര്‍ക്കാരിന്‍റെ നീക്കത്തിനെതിരായ പ്രതിഷേധമാണ് ട്രംപ് ഇന്ത്യൻ തലസ്ഥാനത്ത് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടന്നതെന്ന് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്‌തു. ശക്തരായ ദേശീയ വാദികളുടെ കൂടിക്കാഴ്ചയെന്ന് സിഎൻഎന്നും രണ്ട് ദേശീയ വാദികൾ ചേർന്നുള്ള ആഘോഷമെന്ന് വാഷിങ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തു.
ഇതോടൊപ്പം അഹമ്മദാബാദിലെ എഴുതി തയ്യാറാക്കി നടത്തിയ പ്രസംഗത്തില്‍ ട്രംപ് വരുത്തിയ തെറ്റുകളും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയാണ്. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുല്‍ക്കറെ 'സൂച്ചിൻ' എന്നും വിരാട് കോലിയെ 'വിരോട് കോലി'യെന്നുമാണ് ട്രംപ് പ്രസംഗത്തില്‍ പരാമർശിച്ചത്. സച്ചിനെ 'സൂച്ചിന്‍' എന്ന് വിളിച്ച ട്രംപിനെ ഐസിസി മുതല്‍ ക്രിക്കറ്റ് താരങ്ങള്‍ വരെ പരിഹസിച്ചു. ഇതിഹാസങ്ങളെ കുറിച്ച് പറയുന്നതിന് മുമ്പ് അൽപ്പം പഠിക്കുന്നത് നല്ലതാണെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സന്‍ ട്വീറ്റ് ചെയ്‌തു. എല്ലാ രേഖകളിലും സച്ചിന്‍റെ പേര് സൂച്ചിന്‍ എന്നാക്കുമെന്ന് പറഞ്ഞ് ഐസിസിയും ലോകത്തിലെ ഏറ്റവും ശക്തനായ നേതാവിനെ ട്രോളി. സ്വാമി വിവേകാനന്ദന്‍റെ പേര് ട്രംപ് എങ്ങനെയാണ് പരാമർശിച്ചതെന്ന് ഇപ്പോഴും ആർക്കും പിടികിട്ടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം വളര്‍ന്നുകൊണ്ടിരിക്കുന്ന മോദി - ട്രംപ് ബന്ധത്തിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. സാമൂഹിക മാധ്യമങ്ങളിലും ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങൾ നിലനില്‍ക്കുന്നുണ്ട്. ' നമസ്തേ ട്രംപ് ' എന്ന പേരില്‍ ഇന്ത്യ ഗവൺമെന്‍റ് പരിപാടി സംഘടിപ്പിച്ചപ്പോൾ ഗോ ബാക് ട്രംപ് എന്നപേരില്‍ ട്വിറ്ററില്‍ തുടങ്ങിയ കാമ്പയിന് വലിയ പിന്തുണയാണ് ലഭിച്ചത്. ട്രംപിന്‍റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി അഹമ്മദാബാദില്‍ ചേരികൾ മറയ്ക്കാൻ മതില്‍ കെട്ടിയതടക്കം മാധ്യമങ്ങൾ വിമർശനാത്മകമായാണ് കാര്യങ്ങളെ സ്വീകരിച്ചത്. ട്രംപ് ഇന്ത്യയിലെത്തിയത് വലിയ ആയുധ കച്ചവടത്തിനാണെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിനും പിന്തുണയുണ്ട്.