"ഒരു കായിക താരത്തിന് പ്രതിമാസം പത്ത് ലക്ഷം യൂറോയാണ് പ്രതിഫലം. ദൈവത്തെ പോലെ അയാളെ നമ്മൾ ആരാധിക്കുന്നു. എന്നാൽ ഒരു ഗവേഷകന് വെറും 1,800 യൂറോയാണ് നൽകുന്നത്." ഒരു സ്‌പാനിഷ് ജീവശാസ്ത്ര ഗവേഷകനുവേണ്ടി വാട്ട്‌സാപ്പിൽ വന്ന സന്ദേശങ്ങളിൽ ഒന്നാണിത്. ഫുട്ബോൾ താരങ്ങളോ ശാസ്‌ത്രലോകമോ അല്ലിവിടെ വിഷയം, മറിച്ച് രാജ്യങ്ങളും സർക്കാരും എന്തിനൊക്കെ മുൻഗണന നൽകുന്നു എന്നതാണ് പ്രധാനം. നമ്മുടെ നിലനിൽപ്പിന്‍റെ ഭീഷണി തിരിച്ചറിയാൻ സഹായിക്കാത്ത വിദ്യാഭ്യാസം കൊണ്ട് എന്ത് അർഥമാണുള്ളതെന്ന് തോന്നിപ്പോകും.
മാനവികതക്ക് മുൻഗണന നൽകണം
പകര്‍ച്ചവ്യാധികള്‍ ലോകത്തിന് അപരിചിതമല്ല. ബിസി 430 ൽ ഏഥൻസിലെ മഹാമാരിയില്‍ തുടങ്ങി, സമീപകാലത്ത് ലോകത്തെ വിറപ്പിച്ച സാര്‍സും എബോളയും വരെ മനുഷ്യരാശി നേരിട്ടു. ജീവന് ഭീഷണിയുയർത്തിയ ഇവയെ മനുഷ്യൻ അതിജീവിച്ചു. ഭയപ്പെടുത്താം എന്നാൽ ചരിത്രത്തിലെ ഒരു മഹാമാരിയും ഇതുവരെ മനുഷ്യരാശിയെ തുടച്ചുമാറ്റിയിട്ടില്ല. കൊവിഡ് 19 എന്ന മഹാമാരിയും മാറും. എല്ലാ മേഖലകളിലും നമ്മള്‍ മുന്നേറുന്നുവെന്ന് അഭിമാനിക്കുന്നു. 5ജി, നിർമിത ബുദ്ധി എന്നീ സാങ്കേതികവിദ്യകൾ കൊണ്ട് സമ്പന്നമായ അമേരിക്ക, യൂറോപ്പ്, ചൈന എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് 19 പരത്തുന്ന ഭീതി ചെറുതല്ല. ദിവസങ്ങൾക്കുള്ളിൽ വൈറസ് അപ്രത്യക്ഷമായേക്കാം, അല്ലെങ്കിൽ ഒരു മരുന്ന് കണ്ടുപിടിച്ചുകൊണ്ട് നമ്മള്‍ അതുണ്ടാക്കുന്ന ഭീഷണിയെ തടഞ്ഞേക്കാം, എന്നിരുന്നാലും മനുഷ്യരാശി അജയ്യരാണെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.
മാനവികത നേരിടുന്ന ചോദ്യങ്ങൾ
കൊവിഡിൽ നിന്ന് നമുക്ക് എന്ത് പാഠങ്ങൾ ഉൾക്കൊള്ളാം?, കൊവിഡിന് ശേഷം മനുഷ്യർ എങ്ങനെ പെരുമാറും?, പ്രകൃതിയോടും സഹജീവികളോടും നാം എങ്ങനെ പെരുമാറണം?, എല്ലാം നിസാരമായി കാണുന്ന യുവതലമുറ മാറി ചിന്തിക്കുമോ?, ഈ മഹാമാരിക്ക് ശേഷം സർക്കാരുകൾ എങ്ങനെ പ്രവർത്തിക്കും?, ഗവേഷകർ എങ്ങനെ പ്രതികരിക്കും? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മനുഷ്യരാശിയുടെ ഭാവി നിലനിൽപ്പിനെ തീരുമാനിക്കുന്നു. വികസിത, വികസ്വര രാജ്യങ്ങളുടെ കീഴിൽ മഹാശക്തികൾ, ആധുനികത, വെളുപ്പ്, കറുപ്പ്, ജാതി, മതം, മുതലാളിത്തം, കമ്മ്യൂണിസം എന്നിങ്ങനെ നാം സ്വയം വിഭജിച്ചിരിക്കുന്ന കാലഘട്ടത്തിൽ നമ്മുടെ പദവിക്കോ പണത്തിനോ പകർച്ചവ്യാധിയെ സ്വാധീനിക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്.
അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിലെ പോഷകാഹാരം, ആരോഗ്യം, വികസനം തുടങ്ങിയ അവകാശവാദങ്ങളുടെ ശൂന്യത ഇന്ന് ലോകം കാണുകയാണ്. വൈറസുകൾ ദരിദ്ര രാജ്യങ്ങളിലേക്കോ പാവപ്പെട്ടവരിലേക്കോ മാത്രം പരിമിതപ്പെടുന്നില്ല എന്നതിന്‍റെ ശക്തമായ തെളിവാണ് കൊവിഡ് 19. ഇത് എല്ലാവരേയും ഒരുപോലെ നശിപ്പിക്കുകയും, പുരോഗതിക്കും വികാസത്തിനും പരിധിയുണ്ടെന്നും തെളിയിക്കുകയും ചെയ്‌തുകഴിഞ്ഞു.
പകർച്ചവ്യാധികൾ; മനുഷ്യന് നൽകുന്ന മുന്നറിയിപ്പ്
പകർച്ചവ്യാധികൾ മനുഷ്യന് മുന്നറിയിപ്പ് നൽകുന്നു. പക്ഷേ അത് മനസിലാക്കാത്ത സമൂഹം പാഠങ്ങൾ പഠിക്കുകയാണ്. 1346-1353 കാലഘട്ടത്തിൽ മധ്യേഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് പടര്‍ന്ന “ബ്ലാക്ക് ഡെത്ത്” എന്നറിയപ്പെടുന്ന പകർച്ചവ്യാധി യൂറോപ്പിന്‍റെ പകുതിയും തുടച്ചുമാറ്റിയതായി കണക്കാക്കപ്പെടുന്നു. ഇത് ചരിത്രത്തിന്‍റെ ഗതിയെ തന്നെ മാറ്റിമറിച്ചു. അന്ന് നിലവിലുണ്ടായിരുന്ന ഫ്യൂഡൽ വേതന സമ്പ്രദായം ആ പകർച്ചവ്യാധി തുടച്ചുനീക്കി. അവശേഷിക്കുന്നവർക്ക് ഉയർന്ന വേതനം നൽകി. പിൽക്കാലത്തെ സാങ്കേതിക കണ്ടുപിടിത്തങ്ങൾക്ക് ഇത് കാരണമായതായും പറയപ്പെടുന്നു.
പ്രകൃതിയെ മനസിലാക്കുക, പുരോഗതി സാധ്യമാക്കുക
1960 ൽ 'ക്ലബ് ഓഫ് റോം' എന്ന പേരിൽ ഒരു സംഘടന യൂറോപ്പില്‍ സ്ഥാപിതമായി. ലോകത്തിലെ ഭൂരിഭാഗം ശാസ്ത്രജ്ഞർ, സാമ്പത്തിക ശാസ്ത്രജ്ഞർ, വ്യവസായികൾ, രാഷ്ട്രീയക്കാർ തുടങ്ങിയവർ അതിൽ അംഗങ്ങളായിരുന്നു. 1972ൽ സംഘടന 'വികസന പരിധി' എന്ന പേരിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചു. പ്രകൃതിയുമായി സന്തുലിതാവസ്ഥ നിലനിർത്താതെ മനുഷ്യന് മുന്നോട്ട് പോകാൻ കഴിയില്ല എന്നായിരുന്നു റിപ്പോർട്ടിന്‍റെ ഉള്ളടക്കം. ജനസംഖ്യാ വർധനവും, 2100 വർഷത്തിനപ്പുറമുള്ള ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെയും നേരിടാൻ നമ്മുടെ പാരിസ്ഥിതിക സംവിധാനത്തിന് കഴിയില്ലെന്നായിരുന്നു സംഘത്തിന്‍റെ നിഗമനം.ദശലക്ഷക്കണക്കിന് രൂപ ഗവേഷണത്തിനായി ഉപയോഗിച്ചിട്ടും പകർച്ചവ്യാധികൾ നമ്മെ തകർക്കുകയാണ്.