അഹിംസാത്മക ചെറുത്തുനിൽപ്പ് ഉപയോഗിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി നൽകിയ സംഭാവന ലോകമെമ്പാടും പ്രസിദ്ധമാണ്. സാധാരണക്കാരനെന്നതിനപ്പുറത്ത് എണ്ണമറ്റ ഗുണങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. പലരെയും പരിവർത്തനത്തിന്‍റെ പാതയിലേക്ക് അദ്ദേഹം നയിച്ചു.
ഗാന്ധിയൻ ആശയങ്ങൾ നഷ്‌ടമായെന്ന് സുന്ദർലാല്‍ ബഹുഗുണ അദ്ദേഹത്തിന്‍റെ തത്ത്വചിന്ത ഇന്നും പ്രസക്തമാണ്, ലോകം ഇപ്പോഴും അത് പ്രസംഗിക്കുകയും പിന്തുടരുകയും ചെയ്യുന്നു എന്ന് പ്രശസ്‌ത ഗർവാലി പരിസ്ഥിതി പ്രവർത്തകനും ചിപ്പ്കോ പ്രസ്ഥാന നേതാവുമായ സുന്ദർലാൽ ബഹുഗുണ പറയുന്നു. ഗാന്ധിയൻ ആശയങ്ങളെ കുറിച്ചും പുതിയ സമൂഹത്തില്‍ ഗാന്ധിയൻ ആശയങ്ങൾ നഷ്‌ടമാകുന്നതിനെ കുറിച്ചും സുന്ദർലാല്‍ ബഹുഗുണ ഇടിവി ഭാരതിനോട് സംസാരിച്ചു. ഇന്ത്യൻ പാരിസ്ഥിതിക സാഹചര്യങ്ങളിൽ നൽകിയ സമഗ്ര സംഭാവനയ്ക്ക് അദ്ദേഹത്തെ പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചിരുന്നു.
ഗാന്ധിജിയുടെ സ്വരാജ് എന്ന ആശയം നിറവേറ്റാൻ നമ്മൾക്കായില്ലെന്ന് സുന്ദർലാൽ ബഹുഗുണ പറയുന്നു. ഗ്രാമങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതശൈലിയിലാണ് ഗാന്ധിജി വിശ്വസിച്ചത്. കാരണം ഗ്രാമങ്ങളാണ് ഇന്ത്യൻ സമൂഹത്തിന്‍റെ കാതൽ. ആസക്തിയില്ലാത്ത രാജ്യമായി ഇന്ത്യ മാറണമെന്നും അദ്ദേഹം ആഗ്രഹിച്ചു, പക്ഷേ ഇപ്പോൾ മയക്കുമരുന്നും മദ്യവും ഇന്ത്യയെ വിഴുങ്ങി തുടങ്ങിയിരിക്കുന്നു. ഗാന്ധിജി ലളിതമായ ജീവിതശൈലി നയിച്ചു, അതാണ് അദ്ദേഹം വിശ്വസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തതെന്ന് സുന്ദർലാൽ ബഹുഗുണ പറഞ്ഞു.
ഇന്ത്യയുടെ ശോഭനമായ ഭാവിയിലേക്കുള്ള പാത കാണിച്ചത് ഗാന്ധിജിയാണെന്ന് വിശ്വസിച്ച ഒരു യുവ സമൂഹമാണ് എന്‍റെ ചെറുപ്പകാലത്ത് ഉണ്ടായിരുന്നത്. അതിനാലാണ് ഞങ്ങൾ അദ്ദേഹത്തെ 'രാഷ്ട്ര പിതാവ്' എന്ന് വിളിച്ചത്. അദ്ദേഹത്തിന്‍റെ കൊലപാതകത്തിന് ഒരു ദിവസം മുമ്പ് ഞാൻ അദ്ദേഹത്തെ കണ്ടു. ഹിമാലയൻ പ്രദേശത്ത് ഞങ്ങൾ സ്വയംഭരണ തത്വങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് ഞാൻ അറിയിച്ചപ്പോൾ അതിന് അദ്ദേഹം നൽകിയ മറുപടി എന്നെ ആഴത്തിൽ സ്വാധീനിച്ചു. "കൊള്ളാം! നിങ്ങൾ താമസിക്കുന്ന ഉയർന്ന പർവതങ്ങൾ പോലെ, നിങ്ങളുടെ ജോലിയും ഗംഭീരമാണ്." എന്നതായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. നിങ്ങൾ ഒരു തടവുകാരനായിട്ടാണ് ജനിച്ചത്, പക്ഷേ നിങ്ങൾ ഒരു സ്വതന്ത്ര മനുഷ്യനായി മരിക്കുന്നു എന്ന് ഗാന്ധിജി ഒരിക്കൽ ഞങ്ങളോട് പറഞ്ഞു. ആത്മാഭിമാനവും അന്തസ്സും നേടുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്, അത് ഇന്നത്തെ കാലത്ത് അപൂർവമായിരിക്കുന്നു.
രാജ്യത്തിന്‍റെ വളർച്ചയ്ക്കും വികാസനത്തിനുമായി സർക്കാർ വികസിത രാജ്യങ്ങളിൽ നിന്ന് വായ്‌പയെടുക്കുന്നതിനാൽ ഇന്ന് നമ്മുടെ രാഷ്ട്രം കടക്കാരനായി മാറിയിരിക്കുന്നു. ഇന്ത്യ ഒരു സ്വാശ്രയ രാഷ്ട്രമായി മാറണമെന്ന് ഗാന്ധിജി ആഗ്രഹിച്ചു. സ്വശ്രയരാകാൻ ഗാന്ധിജി ആളുകളെ പ്രചോദിപ്പിച്ചു. പൗരന്മാർ ലാളിത്യവും ക്ഷമയും ദയയും ഉള്ള ജീവിതം നയിക്കുന്ന ഒരു രാഷ്ട്രത്തെ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് ബഹുഗുണ പറഞ്ഞു.