കേരളം

kerala

എണ്ണ വില സമവാക്യങ്ങള്‍ മാറ്റിമറിക്കുന്നു; റഷ്യ-സൗദി അറേബ്യ എണ്ണ വില യുദ്ധം

എണ്ണ വിലയിലെ ഉയര്‍ച്ചയെക്കുറിച്ച് ജെഎന്‍യുവിലെ മുന്‍ പ്രൊഫസറും സ്‌കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ് മുന്‍ ഡീനുമായ അനുരാധ ചെനോയ് എഴുതിയ ലേഖനം

By

Published : Mar 23, 2020, 9:49 PM IST

Published : Mar 23, 2020, 9:49 PM IST

Russia Saudi Arabia Oil Price War  Oil Price War  Energy Cartels  Coronavirus outbreak  Coronavirus impct on oil prices  fall in oil prices  Organization of Oil Producing Countries  President Putin  Donald Trump  OPEC members  business news  എണ്ണ സംഖ്യ സമവാക്യങ്ങള്‍ മാറ്റിമറിക്കുന്നു  റഷ്യ-സൗദി അറേബ്യ എണ്ണ വില യുദ്ധം  അനുരാധ ചെനോയ്  ജെഎന്‍യുവിലെ മുന്‍ പ്രൊഫസറും സ്‌കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ് മുന്‍ ഡീനും  എണ്ണ വില  ഇന്ധനം
എണ്ണ സംഖ്യ സമവാക്യങ്ങള്‍ മാറ്റിമറിക്കുന്നു; റഷ്യ-സൗദി അറേബ്യ എണ്ണ വില യുദ്ധം

ന്യൂഡല്‍ഹി:ഇന്ധനം ഏറെ ആവശ്യമായ ലോകത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ് എണ്ണ വിലകളും അതിന്‍റെ തടസമില്ലാത്ത ഒഴുക്കും. എണ്ണ പോലുള്ള ഹൈഡ്രോ കാര്‍ബണുകള്‍ കൈവശമുള്ള, അവ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ തങ്ങളുടെ ഉല്‍പാദനവും കയറ്റുമതിയും കുറച്ചും കൂട്ടിയുമൊക്കെ വില നിലവാരം മുതലെടുക്കുവാന്‍ ഏറെ കാലമായി ശ്രമിക്കുന്നവരാണ്. ഇതിന്‍റെ പ്രത്യാഘാതമെന്നോണം ഈ രാജ്യങ്ങള്‍ ലോക സമ്പദ് വ്യവസ്ഥയിലും അതിന് ചുറ്റുമുള്ള ഭൂരാഷ്ട്രീയത്തിലും വലിയ സ്വാധീനം ചെലുത്തുന്നു.

എണ്ണ വിപണിയെ നിയന്ത്രിക്കുന്നതിനായി 15 അംഗരാജ്യങ്ങളുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് ഓയില്‍ പ്രൊഡ്യൂസിങ്ങ് കണ്‍ട്രീസ് (ഒപെക്) 1980-കളില്‍ നിലവില്‍ വന്നു. റഷ്യ ഇതിന്‍റെ ഭാഗമല്ലെങ്കിലും ഒപെക്+ എന്ന പേരില്‍ ഈ രാജ്യങ്ങളുടെ കൂട്ടായ്മ നടത്തുന്ന സമ്മേളനങ്ങളില്‍ പങ്കെടുത്തു വരുന്നു. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്ന ഒരു കുത്തക ക്ലബ്ബായി തന്നെയാണ് ഒപെക് പ്രവര്‍ത്തിച്ച് വരുന്നത്. ഇതിന് പുറമെ റഷ്യയും, ഇപ്പോള്‍ ഷെയിൽ വാതക ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അമേരിക്കയും, എണ്ണ വിലകള്‍ വന്‍ തോതില്‍ മുതലെടുപ്പ് നടത്തുവാന്‍ കഴിവുള്ള സ്വതന്ത്ര കളിക്കാരാണ്.

മാര്‍ച്ച് മാസം തുടക്കത്തില്‍ കൊവിഡ് 19 പൊട്ടി പുറപ്പെട്ടത് മുതല്‍ ലോകത്താകമാനം എണ്ണ വില കുത്തനെ താഴ്ന്നു. ഇതിന് കാരണമായത് പ്രധാനമായും ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ആവശ്യം കുറയുകയും മറ്റുള്ളവര്‍ എണ്ണ ഇറക്കുമതി ഗണ്യമായി കുറക്കുകയും ചെയ്താണ്. ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 50 ഡോളര്‍ എന്ന നിലയിലേക്ക് താഴാന്‍ തുടങ്ങിയപ്പോള്‍ വില കുത്തനെ ഇടിയുന്നത് പിടിച്ച് നിര്‍ത്താനായി എണ്ണ ഉല്‍പ്പാദനത്തില്‍ കുറവ് വരുത്താമെന്ന് സൗദി അറേബ്യ നിര്‍ദേശിച്ചു. പക്ഷെ ഈ ഉല്‍പ്പാദനം കുറക്കല്‍ നിരാകരിച്ച റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ ഉയര്‍ന്ന തോതിലുള്ള ഉല്‍പ്പാദനം തുടര്‍ന്ന് പോന്നു. റഷ്യയുടെ ഈ നിഷേധാത്മക നിലപാട് 1991-ലെ ഗള്‍ഫ് യുദ്ധകാല ശേഷമുള്ള ഏറ്റവും വലിയ എണ്ണ വിലയിടിവിന് കാരണമായി മാറി.

ലോകത്തെ എണ്ണ ഉല്‍പ്പാദകരില്‍ ഏറ്റവും വലിയവരായി തങ്ങളെ സ്വയം കാണുന്ന സൗദി അറേബ്യ പുടിനുമായി ഒരു തരത്തിലും വിട്ട് കൊടുക്കാത്ത ഏറ്റുമുട്ടലുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചു. അവര്‍ എണ്ണ വില കുറച്ചു എന്ന് മാത്രമല്ല സൗദിയിലെ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് വീണ്ടും എണ്ണ വില കുത്തനെ ഇടിയുവാനും ബാരല്‍ ഒന്നിന് 30 ഡോളര്‍ എന്ന നിരക്കിലേക്ക് എത്താനും ഇടയാക്കി. ഈ വിലയിടിവ് ബാരല്‍ ഒന്നിന് 20 ഡോളര്‍ എന്ന നിരക്കിലേക്ക് ഇനിയും കൂപ്പു കുത്താമെന്ന് ഗോള്‍ഡ്‌മാന്‍ സാക്‌സ് പ്രവചിക്കുന്നു.

അപ്പോള്‍ ആരാണ് ഇതിലെ പരാജിതരും വിജയികളും? എണ്ണയില്‍ നിന്നും ലഭിക്കുന്ന ലാഭത്തെ ഏറെ ആശ്രയിച്ച് കഴിയുന്ന റഷ്യ എന്തുകൊണ്ടാണ് ഇങ്ങനെയൊരു അപകടകരമായ നീക്കം നടത്തുന്നത്?

പുടിന്‍റെ ഈ ഓയില്‍ ചൂതാട്ടത്തിന് നിരവധി കാരണങ്ങളുണ്ട്. അതിലൊന്ന് 2015-ലെ എണ്ണ മേഖലയിലെ ഞെട്ടലിനും മാന്ദ്യത്തിനും ശേഷം റഷ്യ പടുകൂറ്റന്‍ ധന, സ്വര്‍ണ്ണ നീക്കിയിരുപ്പ് സൃഷ്ടിച്ചുകൊണ്ട് അതിന്‍റെ ബജറ്റ് വെട്ടി ചുരുക്കുകയുണ്ടായി എന്നതുതന്നെ. ഉക്രൈനുമായുള്ള ഏറ്റുമുട്ടലിന്‍റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കുമേല്‍ സാമ്പത്തിക ഉപരോധങ്ങള്‍ കൊണ്ട് വന്നപ്പോള്‍ റഷ്യ അതിന്‍റെ സമ്പദ് വ്യവസ്ഥയെ യുദ്ധകാലാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യുവാന്‍ ആരംഭിച്ചു.

അതിനാല്‍ തന്നെ പ്രതീക്ഷിക്കുന്ന പോലെ എണ്ണ വിലകളിലെ കുത്തനെയുള്ള ഇടിവ് അവരെ ബാധിക്കുവാന്‍ പോകുന്നില്ല. യഥാര്‍ഥത്തില്‍ അവര്‍ അറബ് നാടുകള്‍ക്കും മറ്റ് ഒപെക് രാജ്യങ്ങള്‍ക്കും ആഘാതം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സൗദി അറേബ്യയുമായി തങ്ങള്‍ക്ക് നല്ല ബന്ധമാണുള്ളതെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി എണ്ണ വിലകളുടെ കാര്യത്തില്‍ മികച്ച സഹകരണമാണ് നടക്കുന്നത് എന്നൊക്കെ റഷ്യക്കാര്‍ പറയുന്നുണ്ടെങ്കിലും സിറിയയിലെ അസദ് ഭരണകൂടത്തിന് റഷ്യ സൈനിക സഹായം നല്‍കുന്നതും പശ്ചിമേഷ്യയിലെ റഷ്യയുടെ നയങ്ങളേയും സൗദി എതിര്‍ക്കുന്നു.

രണ്ടാമത്തെ കാരണം മുന്‍ നിരയിലുള്ള എണ്ണ ഉല്‍പ്പാദകരും കയറ്റുമതിക്കാരും എണ്ണ ഉപഭോക്താക്കളുമായ അമേരിക്ക ഷെയില്‍ വാതക ഉയര്‍ച്ച മൂലം റഷ്യയുടേയും സൗദിയുടേയും വിപണിയിലെ മേധാവിത്വത്തെ വെല്ലു വിളിച്ച് കൊണ്ടിരിക്കുകയാണെന്ന് മാത്രമല്ല നിര്‍ണായകമായ വിപണികള്‍ പിടിച്ചെടുത്ത് കൊണ്ട് അവര്‍ക്ക് തങ്ങളുടെ എണ്ണ ലാഭവും വില നിലവാരവും വരുതിയില്‍ നിര്‍ത്തുന്നു എന്നതുമാണ്. ഇത് അമേരിക്കയിലെ എണ്ണ ഓഹരികള്‍ തകര്‍ന്നു തരിപ്പണമാകുവാനും ഷെയില്‍ കമ്പനികളിലെ തൊഴിലാളികളെ പിരിച്ചു വിടുന്നതിലേക്കും നയിച്ചു. അമേരിക്കയിലെ എണ്ണ കമ്പനികളെ കുറിച്ച് പ്രസിഡന്‍റ് ട്രംപ് ഏറെ ഉല്‍കണ്ഠപ്പെടുന്നു ഇപ്പോള്‍.

ചില ഘട്ടങ്ങളില്‍ റഷ്യയുമായി നീക്കുപോക്കുകള്‍ നടത്താന്‍ പ്രസിഡന്‍റ് ട്രംപ് നിര്‍ബന്ധിതനാകുന്നു എന്നതിനാല്‍ ഇത് പുടിന് മേല്‍കൈ നല്‍കുന്നു. ഇന്നിപ്പോള്‍ അമേരിക്കയെ വരച്ച വരയില്‍ നിര്‍ത്തുവാനും ഒപെകിനെ പാര്‍ശ്വവര്‍ത്തിയായി നിര്‍ത്താനും ഒരേ സമയം പുടിന് കഴിവുണ്ടായിരിക്കുന്നു. ഉപരോധങ്ങളിലൂടെ റഷ്യയെ ഞെരുക്കുന്ന അമേരിക്കക്കെതിരെ ഒരു പാര്‍ശ്വത്തിലൂടെ തിരിച്ചടിക്കുവാന്‍ റഷ്യക്ക് കഴിയുന്നു. അമേരിക്കയുടെ ഉപരോധത്തിന്‍ കീഴിലുള്ള മറ്റൊരു രാജ്യമായ വെനിസ്വലക്ക് എണ്ണ വിറ്റതിന്‍റെ പേരില്‍ റഷ്യയിലെ പ്രമുഖ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിനെ അമേരിക്ക കഴിഞ്ഞ മാസം ഉപരോധത്തിന് കീഴിലാക്കിയപ്പോള്‍ റഷ്യക്കെതിരെയുള്ള അമേരിക്കന്‍ ഉപരോധങ്ങളുടെ തോത് വര്‍ധിച്ചിരുന്നു.

മൂന്നാമത്തെ കാരണം ചൈനക്കാരേയും യൂറോപ്പിനെയും പോലെയുള്ള താരതമ്യേന സുരക്ഷിതമായ എണ്ണ വിപണി ഉള്ളവരാണ് റഷ്യക്കാര്‍ എന്നതാണ്. അതിനാല്‍ ബ്രിഡ്ജ് കളിയില്‍ പറയുന്നപോലെ പുടിന്‍ ശരിക്കുമൊരു “സൂക്ഷ്മ നീക്കം” നടത്തുകയായിരുന്നു. പക്ഷെ സാധാരണ ഉപഭോക്താക്കളുടെ അവസ്ഥയെന്താണ് ഇക്കാര്യത്തില്‍?

സ്വതന്ത്ര വിപണി ഇടിവ് എന്നു വിളിക്കപ്പെടുന്ന പ്രതിഭാസത്തിലൂടെ ഇന്ധന വിലകള്‍ കുറയുന്നത് ഉപഭോക്താക്കള്‍ക്ക് നേട്ടം ഉണ്ടാക്കും എന്നാണ് മൊത്തത്തില്‍ കണ്ടാല്‍ തോന്നുക. പക്ഷെ ഇവിടെയാണ് വന്‍ കിട എണ്ണ കമ്പനികളുടെ കളികള്‍. അമേരിക്കയിലും ഒപെക് രാജ്യങ്ങളിലുമെല്ലാം തങ്ങളുടെ ലാഭം കുറഞ്ഞ് വരുന്നതിന്‍റെ പേരില്‍ എണ്ണ കമ്പനികള്‍ താന്താങ്ങളുടെ സര്‍ക്കാരിനുമേല്‍ വന്‍ സമ്മര്‍ധമാണ് ചെലുത്തുന്നത്. അതിനാല്‍ അവര്‍ റഷ്യയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും ലഭിക്കുന്ന വില കുറഞ്ഞ വിതരണത്തിന് അനുസൃതമായുള്ള വില നിരക്കുകള്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ പ്രാദേശിക എണ്ണ കമ്പനികള്‍ക്കും എണ്ണ സംസ്‌കരണ ശാലകള്‍ക്കും വന്‍ തോതില്‍ ഇളവുകളും നികുതി വെട്ടിക്കുറക്കലും ആവശ്യപ്പെടുകയാണ്. ഉദാഹരണത്തിന്, ആഗോള തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യാ സര്‍ക്കാര്‍ തീരുവകള്‍ വര്‍ധിപ്പിച്ചു. അതിനാല്‍ സര്‍ക്കാരിന് നേട്ടമുണ്ടായി എങ്കിലും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയില്‍ പെട്രോള്‍ ലഭ്യമാകുന്നില്ല.

പണപ്പെരുപ്പവും എണ്ണ പ്രതിസന്ധിയും സംബന്ധിച്ചുള്ള ഉല്‍കണ്ഠ കൊവിഡ് 19 സംബന്ധിച്ചുള്ള ഉല്‍കണ്ഠക്ക് വഴിമാറിയപ്പോള്‍ വന്‍ കിട മരുന്ന് നിര്‍മാണ കമ്പനികളെ പോലെ തന്നെ വന്‍കിട എണ്ണ കമ്പനികളും കൊഴുത്ത് തടിക്കാനാണ് സാധ്യത. അതിനാല്‍ ആരാണ് വിജയികളെന്നോ പരാജിതരെന്നോ ജനങ്ങള്‍ മനസിലാക്കാത്തിടത്തോളം കാലം വന്‍ കിട രാഷ്ട്രങ്ങള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കും.

ABOUT THE AUTHOR

...view details