കേരളം

kerala

ETV Bharat / bharat

മണിപ്പൂര്‍ രാഷ്ട്രീയം; ആഴമേറുന്ന പ്രഹേളിക

ഓഗസ്റ്റ് 10ന് നിയമസഭയുടെ മൺസൂൺ സമ്മേളനം ആരംഭിക്കാന്‍ ഇരിക്കവെയാണ് അവിശ്വാസപ്രമേയവുമായി കോൺഗ്രസ് മുന്നോട്ട് വരുന്നത്.

By

Published : Jul 31, 2020, 7:34 PM IST

മണിപ്പൂർ  ന്യൂഡൽഹി  മണിപ്പൂർ രാഷ്‌ട്രീയം  ബിജെപി സഖ്യകക്ഷി ഭരണം  കോൺഗ്രസ്  അവിശ്വാസ പ്രമേയം  Manipur  Newdelhi  Manipur politics  BJP  BJP government  congress
മണിപ്പൂര്‍ രാഷ്ട്രീയം; ആഴമേറുന്ന പ്രഹേളിക

ന്യൂഡല്‍ഹി: മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യ കക്ഷി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയതും അതേ തുടര്‍ന്ന് മുഖ്യമന്ത്രി എന്‍ ബിരണ്‍ സിങ്ങ് ഭരണ കക്ഷി എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തതും ഈ വടക്ക് കിഴക്കന്‍ സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ പ്രഹേളികയെ ഒന്നു കൂടി ആഴമുള്ളതാക്കിയിരിക്കുന്നു. ഓഗസ്റ്റ് 10ന് നിയമസഭയുടെ മൺസൂൺ സമ്മേളനം ആരംഭിക്കാന്‍ ഇരിക്കവെയാണ് ഈ സംഭവ വികാസങ്ങള്‍.

ഇക്കഴിഞ്ഞ ചൊവാഴ്‌ചയാണ് 60 അംഗ മണിപ്പൂര്‍ നിയമസഭയിൽ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയ ഹർജി നല്‍കിയത്. സംസ്ഥാനത്ത് മയക്കുമരുന്ന് പിടിച്ചെടുത്ത കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍ വെസ്റ്റിഗേഷൻ ഏജൻസിക്ക് (സിബിഐ) കൈമാറണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്‍റെ നീക്കം. ഇതിനെ തുടര്‍ന്നാണ് ബുധനാഴ്‌ച മുഖ്യമന്ത്രി ബിജെപി നേതൃത്വത്തിലുള്ള സഖ്യകക്ഷിയിലെ 29 എംഎല്‍എ മാരുടെ യോഗം വിളിച്ചു ചേര്‍ത്തത്.

നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ( എന്‍ പി പി), നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍ പി എഫ്), ഒരു ടിഎംസി എംഎല്‍എ, ഒരു സ്വതന്ത്ര എംഎല്‍എ എന്നിവരാണ് സഖ്യകക്ഷിയിലുള്ളത്. എന്നാല്‍ നാല് ബിജെപി എംഎല്‍എമാരായ എന്‍ ഇന്ദ്രജിത്ത്, എല്‍ രമേഷോര്‍ മെയ്ത്തി, ഡോക്ടര്‍ വൈ രാധേശ്യാം, ഹിയങ്ക്‌ളം, എല്‍ രാധാകിഷോര്‍ എന്നിവരുടെ യോഗത്തിലെ അസാന്നിദ്ധ്യം യോഗത്തിന്‍റെ ശ്രദ്ധപിടിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സര്‍ക്കാരിന്‍റെ തുടര്‍ച്ചക്ക് ഈ എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകമാണ്. ഈ സാഹചര്യം സംസ്ഥാന രാഷ്ട്രീയത്തില്‍ വീണ്ടും ഭൂരിപക്ഷ പ്രതിസന്ധിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ വര്‍ഷം ജൂണിലാണ് സർക്കാർ ഇത്തരത്തിലുള്ള പ്രതിസന്ധിയിൽ നിന്നും കരകയറിയത്.

കഴിഞ്ഞ മാസം മൂന്ന് ബിജെപി എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരുകയും എന്‍പിപി സര്‍ക്കാരില്‍ നിന്നും പുറത്തു പോകുമെന്ന് ഭീഷണിപ്പെടുത്തിയതും ബിരന്‍ സിങ്ങ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ മുഖ്യ പ്രശ്‌ന പരിഹാരകനും നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സിന്‍റെ (എന്‍ഇഡിഎ) കണ്‍വീനറുമായ ഹിമന്ത ബിശ്വ ശര്‍മ്മയുടെയും, മേഘാലയ മുഖ്യമന്ത്രിയും എംപിപി നേതാവുമായ കോൺറാഡ് സംഗ്മയുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഈ പ്രതിസന്ധിക്ക് അവസാനമായത്.

പിന്നീട് ഈ മാസം തുടക്കത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ രണ്ട് എംഎല്‍എമാർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുണ്ടായി. രാജ്യസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ഥിയായ മുന്‍ മണിപ്പൂര്‍ രാജവംശജന്‍ കൂടിയായ ലീസമ്പ സനജാവോബക്ക് വോട്ട് ചെയ്‌തതിന്‍റെ പേരിലാണ് ആര്‍ കെ ഇമോയ്ക്കും ഒക്രാം ഹെന്‍ട്രിക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇമോ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ആര്‍ കെ ജയ് ചന്ദ്ര സിങ്ങിന്‍റെ മകനും നിലവിലെ മുഖ്യമന്ത്രി ബിരന്‍ സിങ്ങിന്‍റെ മകളുടെ ഭര്‍ത്താവുമാണ്. ഹെന്‍ട്രി മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും സിഎല്‍പി നേതാവുമായ ഒക്രാം ഐബോബി സിങ്ങിന്‍റെ മരുമകനാണ്.

ഇമോക്കും ഐബോബി സിങ്ങിനുമിടയില്‍ കടുത്ത അഭിപ്രായ വ്യത്യാസം വളര്‍ന്നു കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഐബോബിയെ പാര്‍ട്ടിക്കുള്ളിലെ തന്‍റെ ഭീഷണിയായി ഇമോ കാണാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് ഈ വിടവുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ ആണെങ്കിലും ഇമോ ബിജെപി മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവുമാണ്.

അതേ സമയം തന്നെ മുഖ്യമന്ത്രി ബിരന്‍ സിങ്ങും പാര്‍ട്ടിക്കകത്ത് വലിയ വിമത നീക്കമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കുന്ന ടി എച്ച് ബിശ്വജിത്ത് സിങ്ങാണ് അദ്ദേഹത്തിനെതിരെ പാര്‍ട്ടിയില്‍ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബിരന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ ഉണ്ടായ ശ്രമങ്ങളെ ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ പിന്തുണച്ചതോടു കൂടി ഇല്ലാതാവുകയായിരുന്നു.

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥയായ ടി എച്ച് ബ്രിന്ദ മണിപ്പൂര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെ തുടര്‍ന്നാണ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകാൻ ഇടയാക്കിയത്. ബി ജെ പി സംസ്ഥാനത്ത് അധികാരത്തില്‍ വന്നതിന് ശേഷം പാര്‍ട്ടിയിലേക്ക് ചേര്‍ന്ന ചന്ദേല്‍ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലിന്‍റെ (എ ഡി സി) മുന്‍ അദ്ധ്യക്ഷനായ ലുക്കോസി സൂ ഉള്‍പ്പെട്ടതാണ് ഈ മയക്കു മരുന്ന് കേസ് എന്നുള്ളതും പ്രാധാന്യമർഹിക്കുന്നതാണ്. 2018ല്‍ സൂവിന്‍റെ ഔദ്യോഗിക വസതിയില്‍ നിന്നും മയക്കുമരുന്ന് കെട്ടും പഴയ കറന്‍സി നോട്ടുകളും നാര്‍ക്കോട്ടിക്‌സ് ആന്‍റ് അഫയേഴ്‌സ് ഓഫ് ബോര്‍ഡര്‍ (എന്‍എബി) വിഭാഗത്തിന്‍റെ അഡീഷണല്‍ സൂപ്രണ്ടായ ബ്രിന്ദ പിടിച്ചെടുത്തിരുന്നു.

സൂവിനെ വിട്ടയക്കാനും അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രം പിന്‍വലിക്കുന്നതിനും കേസിലെ മറ്റ് പ്രതികളെ ഒഴിവാക്കാനുമായി മുഖ്യമന്ത്രി ബിരന്‍ സിങ്ങ് തന്‍റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഈ മാസം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബ്രിന്ദ പറയുന്നത്. എന്നാൽ മുഖ്യമന്ത്രി ഈ ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളി കളഞ്ഞു.

ഈ കേസ് സിബിഐക്ക് വിടണമെന്ന ആവശ്യവുമായി മുന്നോട്ട് പോകുകയാണ് കോൺഗ്രസ്. ബിന്ദ്ര സത്യവാങ്മൂലം നൽകിയതോട് കൂടി അവിശ്വാസ പ്രമേയവുമായി മുന്നോട്ട് പോകുവാനാണ് കോൺഗ്രസ് തീരുമാനം. എന്നാല്‍ ഓഗസ്റ്റ് 10ന് കൂടി നിയമസഭ ഈ പ്രമേയം എടുക്കുവാന്‍ തയ്യാറാകുമോ എന്നുള്ള കാര്യം ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു.

ABOUT THE AUTHOR

...view details