ആധുനികത ജ്ഞാനോദയ മാതൃകയ്ക്ക് പുരോഗതിയുമായുള്ള സ്വയം പ്രഖ്യാപിത ബന്ധവും, സാംസ്കാരിക, രാഷ്ട്രീയ, പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലും സ്വാതന്ത്ര്യ സമര കാലത്ത് സജീവമായിരുന്നു. ആശയ സംവാദത്തില്‍ മഹാത്മാഗാന്ധിയും രവീന്ദ്രനാഥ ടാഗോറും പലപ്പോഴും വ്യത്യസ്ത ചേരികളിലായിരുന്നു. എന്നാല്‍ ആധുനികത ഭാരതത്തിന്‍റെ സാംസ്കാരിക സവിശേഷതകൾ ഇല്ലാതാക്കുമെന്നും ധാർമ്മികവും സാംസ്കാരികവുമായ ശോഷണം സംഭവിക്കുമെന്നും ഇരുവരും ചിന്തിച്ചു.
സ്വദേശി സമാജിനെക്കുറിച്ചുള്ള ടാഗോറിന്‍റെ കാഴ്ചപ്പാട് ഗാന്ധിജിയുടെ സ്വരാജിനെക്കുറിച്ചുള്ള ആശയവുമായി ശ്രദ്ധേയമായ സാമ്യത പുലർത്തുന്നുണ്ടെങ്കിലും ദേശീയത, സാംസ്കാര കൈമാറ്റം, ജീവിതത്തിൽ ശാസ്ത്ര സാങ്കേതികതയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള ഗാന്ധിജിയുടെ വീക്ഷണങ്ങളിൽ നിന്ന് ടാഗോർ വ്യത്യസ്തനായിരുന്നു.
ടാഗോറിന് ദേശീയതയെക്കുറിച്ച് സമൂലമായ വീക്ഷണങ്ങളുണ്ടായിരുന്നു. തീവ്ര ദേശീയതയിൽ നിന്ന് സുരക്ഷിതമായ അകലം അദ്ദേഹം പാലിച്ചു. ചെറുത്തുനിൽപ്പിന്‍റെ തന്ത്രമെന്ന നിലയിൽ ഗാന്ധിയൻ അഹിംസയെ ടാഗോർ സ്വാഗതം ചെയ്തിരുന്നെങ്കിലും ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തെയും ചർക്കയെയും അദ്ദേഹം പിന്തുണച്ചില്ല. ഗാന്ധിജി വിദേശ വസ്തുക്കൾ പൂർണ്ണമായും നിരസിക്കുകയും തദ്ദേശീയ വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്തു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, ഖാദി കേവലം പാശ്ചാത്യ ആധുനികതയെ ചെറുക്കുന്നതിനുള്ള ഒരു പ്രതീകാത്മക സ്ഥാനമായിരുന്നില്ല. മറിച്ച്, കൊളോണിയലിസത്തിന് എതിരായ രാഷ്ട്രീയ സന്ദേശങ്ങളേന്തുന്ന ധർമ്മസംഹിതയായിരുന്നു. ദൈനംദിന ജീവിതത്തിൽ കടന്നുവരുന്ന യൂറോപ്യൻ ആധുനികതയുടെ മാതൃകയെ ഉപേക്ഷിച്ചുകൊണ്ട് ഗാന്ധിജി ക്രമേണ ഒരു ജ്ഞാനോദയ പ്രത്യയശാസ്ത്രജ്ഞനായി ഉയർന്നുവന്നു. മറുവശത്ത് ശാസ്ത്ര സാങ്കേതിക മേഖലയിൽ യൂറോപ്യൻ ആധുനികതയുടെ പാരമ്പര്യം അംഗീകരിക്കാൻ ടാഗോർ ശ്രമിച്ചു.