ബെംഗളുരൂ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി. നിലവിൽ കേസെടുത്ത എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യപ്രകാരം സിബിഐ കർണാടക സർക്കാരിന് കത്തയച്ചിരുന്നു. അന്വേഷണത്തിന് അനുമതി നൽകാനാണ് ബിജെപി സർക്കാരിന്‍റെ തീരുമാനം.
കുരുക്ക് മുറുകുന്നു; ശിവകുമാറിനെതിരെ സിബിഐ അന്വേഷണം
നിലവിൽ കേസെടുത്ത എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യ പ്രകാരം സിബിഐ കർണാടക സർക്കാരിന് കത്തയച്ചിരുന്നു. ഇതിന് അനുമതി നൽകാനാണ് ബി ജെ പി സർക്കാരിന്‍റെ തീരുമാനം
കേസെടുത്ത് അന്വേഷണം തുടങ്ങിയാൽ കള്ളപ്പണക്കേസില്‍ ശിവകുമാറിന് കുരുക്ക് മുറുകും. അഴിമതി നിരോധന നിയമപ്രകാരം ശിവകുമാറിനെതിരെ കേസെടുക്കാനും സാധ്യതയുണ്ട്. ഡൽഹിയിലെ ഫ്ളാറ്റിൽ നിന്ന് പണം കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ശിവകുമാർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയില്‍ തീഹാര്‍ ജയിലിലാണ്. കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്‍റെ സഹോദരന്‍ സുരേഷ് എന്‍ഫോഴ്‌സ്‌മെന്‍റിന് മുന്നില്‍ ഹാജരായിരുന്നു. ശിവകുമാറിനെ ചോദ്യം ചെയ്യാനും എന്‍ഫോഴ്സ്‌മെന്‍റിന് കോടതി അനുവാദം നല്‍കിയിട്ടുണ്ട്.
ബിനാമി ഇടപാടുകൾ ഉൾപ്പെടെ 840 കോടിയോളം രൂപയുടെ അനധികൃത സ്വത്തുക്കളും 317 ബാങ്ക് അക്കൗണ്ടുകളും ശിവകുമാറുമായി ബന്ധപ്പെട്ട് കണ്ടെത്തിയെന്നാണ് എന്‍ഫോഴ്സ്‌മെന്‍റിന്‍റെ വാദം. ഈ ആരോപണങ്ങളാകും സിബിഐ അന്വേഷിക്കുക. കനകപുര എംപിയായ ശിവകുമാര്‍ സെപ്റ്റംബര്‍ മൂന്നിനാണ് അറസ്റ്റിലായത്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയാണ് ശിവകുമാറിനെതിരെയുള്ള കേസുകള്‍.