ഹിമാലയൻ മലനിരകളുടെ താഴെ ശാന്തമായി ഒഴുകുന്ന ദാൽ തടാകം. തടാകത്തെ മനോഹരമാക്കി ഓളപ്പരപ്പുകളില്‍ ഒഴുകി നടക്കുന്ന വഞ്ചി വീടുകള്‍. ഈ കാഴ്‌ചകളില്ലെങ്കിൽ അപൂർണമാണ് കശ്‌മീരിന്‍റെ വിനോദ സഞ്ചാരം. അധികൃതരുടെ അനാസ്ഥ മൂലം അന്യം നിന്നു പോകുന്ന അവസ്ഥയിലാണ് ചരിത്ര പ്രാധാന്യമുള്ളതും പരമ്പരാഗതവുമായ ഈ വഞ്ചി വീടുകള്‍. അതിനാൽ ഉടമകളും ദുരിതത്തിലാണ് .
ഹൃദ്യമീ കാഴ്‌ച; കശ്‌മീരിന്‍റെ സൗന്ദര്യം നുകരാൻ വഞ്ചി വീടുകള്‍ വഞ്ചി വീടുകളുടെ വരവോടെയാണ് കശ്‌മീരിലെ വിനോദ സഞ്ചാര മേഖലയും വിപുലമാകാൻ തുടങ്ങിയത്. 1838-ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ കശ്‌മീരിലേക്ക് ഒഴിവു ദിവസങ്ങള്‍ ആസ്വദിക്കാനെത്തിയതോടെയാണ് ഈ മേഖലയിലെ വിനോദ സഞ്ചാര വ്യവസായം ആരംഭിച്ചത്. ഇവിടെയെത്തുന്ന ഉദ്യോഗസ്ഥര്‍ ദാല്‍ തടാകത്തിലെ വഞ്ചി വീടുകളിലാണ് പതിവായി താമസിച്ചിരുന്നത്. എന്നാൽ ഇന്ന് കാണുന്നതു പോലെ അത്ര മനോഹരമായിരുന്നില്ല വഞ്ചിവീടുകൾ പഴയ കാലങ്ങളില്‍.
ഒരു കാലത്ത് നിരവധി വഞ്ചി വീടുകളാണ് ഈ തടാകത്തെ മനോഹരമാക്കി ഒഴുകി നടന്നിരുന്നത്. എന്നാൽ ഇന്ന് അവയുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നാണ് വഞ്ചി വീട് ഉടമകള്‍ പറയുന്നത്. പൂർണമായും മരത്തിൽ നിർമിച്ച ഈ വഞ്ചി വീടുകൾ അധികൃതരുടെ അവഗണന മൂലം ഇന്ന് നശിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ കശ്‌മീരിന്‍റെ ഈ ജലസൗന്ദര്യത്തെ സംരക്ഷിച്ച് നില നിർത്തേണ്ടത് അത്യാവശ്യമാണ്.
1983-ല്‍ വഞ്ചി വീട് നിർമാണം നിരോധിച്ചു കൊണ്ട് ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. പിന്നീട് ഒരിക്കലും ഈ നിരോധനം പുനപരിശോധിച്ചിട്ടില്ല. അധികൃതരുടെ അവഗണനയ്‌ക്കൊപ്പം കശ്‌മീരിലെ സാഹചര്യങ്ങളും വഞ്ചി വീടുകളുടെ നാശത്തിന് കാരണമായെന്നാണ് ഉടമകൾ പറയുന്നത്. നിലവിലുള്ളവ കേടുപാടുകള്‍ തീര്‍ത്തെടുക്കുക എന്നത് തന്നെ അസാധ്യമായ കാര്യമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പുതിയ ഒരു വഞ്ചി വീട് നിര്‍മ്മിക്കുക എന്നതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട. വഞ്ചി വീടുകളുടെ കേടുപാട് തീര്‍ക്കുന്നതിനും പുനര്‍ നിര്‍മ്മിക്കുന്നതിനുമായി പുതിയ നയം അധികൃതര്‍ കൊണ്ടു വന്നെങ്കിലും അവ അതിസങ്കീർണമായ ഒന്നാണ്.
ഷിക്കാരകള്‍ എന്നു വിളിക്കുന്ന തുഴച്ചില്‍ വഞ്ചികളും, വഞ്ചി വീടുകളും, ദാല്‍ തടാകവുമൊക്കെയാണ് കശ്‌മീരിന്‍റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നത്. ഇവ സംരക്ഷിച്ച് നില നിർത്തിയാൽ മാത്രമേ വിനോദ സഞ്ചാര മേഖല ഉണരുകയുള്ളൂ. അധികൃതരുടെ അനാസ്ഥയിലും കശ്‌മീരിന്‍റെ പൈതൃകം വിളിച്ചോതി ഒഴുകുകയാണ് ദാൽ തടാകത്തിലെ ഈ ജല സൗന്ദര്യം.