പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുല്‍ഗാന്ധി - Rahul Gandhi's Tweet
ഹൗഡി മോദി പരിപാടിയില്‍ ട്രംപ് സര്‍ക്കാരിന് വേണ്ടി മോദി നടത്തിയ പ്രസ്‌താവന വിവാദമായതിനെ തുടര്‍ന്ന് ജയ്‌ശങ്കര്‍ വിശദീകരണം നല്‍കിയതിന് നന്ദി അറിയിച്ചാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിവില്ലായ്‌മ പരിഹരിച്ചതിന് വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കറിന് നന്ദി അറിയിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ട് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഹൗഡി മോദി പരിപാടിയില്‍ ട്രംപ് സര്‍ക്കാരിന് വേണ്ടി മോദി നടത്തിയ പ്രസ്‌താവന വിവാദമായതിനെ തുടര്‍ന്ന് ജയ്‌ശങ്കര്‍ വിശദീകരണം നല്‍കിയിരുന്നു. മോദിയുടെ പ്രസ്‌താവന ദുര്‍വ്യാഖ്യാനം ചെയ്യരുതെന്നും അമേരിക്കയുടെ ആഭ്യന്തര രാഷ്‌ട്രീയത്തില്‍ നിഷ്‌പക്ഷമായ നയമാണ് ഇന്ത്യക്കുള്ളതെന്നും ജയ്‌ശങ്കര്‍ വിശദീകരണം നല്‍കി. "പ്രധാന മന്ത്രിയുടെ കഴിവില്ലായ്‌മയെ മറച്ചതിന് താങ്കൾക്ക് നന്ദി അറിയിക്കുന്നു. ട്രംപിന്‍റെ പക്ഷം പിടിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്‌താവന ഡെമോക്രാറ്റുകൾക്ക് വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആ പ്രശ്‌നങ്ങൾ താങ്കളുടെ ഇടപെടല്‍ കൊണ്ട് പരിഹരിക്കപ്പെട്ട് കാണും. ഇത്തരം കാര്യങ്ങളില്‍ മോദിക്ക് പരിശീലനം നല്‍കണം," രാഹുല്‍ തന്‍റെ ട്വീറ്റിലൂടെ വ്യക്തമാക്കി.