ജമ്മു കശ്മീർ: കശ്മീരില്‍ 24 മണിക്കൂറിനിടെ എട്ട് ഭീകരരെ സുരക്ഷ സേന വധിച്ചു. ഷോപ്പിയാനിലും പുല്‍വാമയിലും നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടലാണ് ഇന്ന് പുലർച്ചെയും തുടർന്നത്.
കശ്മീരില്‍ 24 മണിക്കൂറിനിടെ എട്ട് ഭീകരരെ സൈന്യം വധിച്ചു
ഷോപിയാനിലും പുല്‍വാമയിലും നടന്ന വ്യത്യസ്ത ഓപ്പറേഷനുകളിലാണ് എട്ട് ഭീകരരെ സൈന്യം വധിച്ചത്.
പുല്‍വാമയിലെ പാംപോർ പ്രദേശത്ത് മീജില്‍ ഭീകരർ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു. തുടർന്ന് ഏറ്റുമുട്ടലില്‍ ഇന്നലെ സൈന്യം ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിനൊടുവില്‍ ജാമിയ മസ്‌ജിദില്‍ രണ്ട് ഭീകരർ ഒച്ചിരുന്നുവെന്ന് ജമ്മു കാശ്‌മീർ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു. പിന്നീട് പ്രത്യേക ഓപ്പറേഷനിലൂടെയാണ് മസ്‌ജിദില്‍ ഒളിച്ച ഭീകരരെ വധിച്ചതെന്നും പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഷോപ്പിയാനിലെ മുന്നാട്- ബാഡപാവ പ്രദേശത്ത് നടത്തിയ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്ന് ഷോപ്പിയാൻ പ്രതിരോധ വക്താവ് അറിയിച്ചു.