പത്താൻകോട്ട് ഭീകരാക്രമണം
2016 ജനുവരി രണ്ടിന് പുലര്‍ച്ചെ 3.30 നാണ് ഇന്ത്യന്‍ സൈനിക ശക്തിയെ വെല്ലുവിളിച്ച് ആറു പാക് ഭീകരര്‍ പത്താന്‍കോട്ട് വ്യോമതാവളം ആക്രമിച്ചത്. മലയാളിയായ നിരഞ്ജന്‍ കുമാര്‍ അടക്കം 7 സൈനികര്‍ കൊല്ലപ്പെട്ടു. 3 ദിവസം നീണ്ട് നിന്ന ഏറ്റുമുട്ടലിനിടെ 6 പാക് ഭീകരരെ കൊലപ്പെടുത്തിയെങ്കിലും ആക്രമണത്തിന്‍റെ സൂത്രധാരന്‍മാരെ ഇനിയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ കഴിഞ്ഞിട്ടില്ല. ആക്രമണത്തിലെ പാകിസ്താന്‍ പങ്ക് വെളിവാക്കുന്ന തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസര്‍ മുഖ്യ സൂത്രധാരനാണെന്ന് ഇന്ത്യ കണ്ടെത്തി.
ഉറി ഭീകരാക്രമണം
കശ്മീരിലെ ഉറിയില്‍ സ്ഥിതി ചെയ്യുന്ന സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് 2016 സെപ്റ്റംബർ 18ന് പുലർച്ചെ 5.15നാണ് നാല് തീവ്രവാദികൾ ആക്രമണം നടത്തിയത്. സൈന്യത്തിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാണ് ഇവർ ലക്ഷ്യമിട്ടത്. മൂന്ന് മിനുട്ടിനിടെ ഇവർ എറിഞ്ഞ 17 ഗ്രനേഡുകൾ 150 മീറ്റർ ചുറ്റളവിൽ തീപിടിക്കാൻ കാരണമാകുകയും തൽക്ഷണം തന്നെ 13 ജവാൻമാർ കൊല്ലപ്പെടുകയും ചെയ്തു.
പുൽവാമ ആക്രമണം
70 സൈനിക വാഹനങ്ങള്‍ ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം. ഇതിലുണ്ടായ ഒരു സൈനിക ബസ്സിന് നേരെ 350 കിലോയോളം സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. സ്ഫോടനത്തിൽ ബസ് പൂർണ്ണമായും തകർന്നു. വാഹനവ്യൂഹത്തിൽ 2,500 സിആർപിഎഫ് ജവാൻമാരുണ്ടായിരുന്നു. ഭീകരാക്രമണത്തില്‍ 44 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. തീവ്രവാദ സംഘടനയായ ജയ്ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തു.